Bengaluru Second Airport : ബെംഗളൂരു രണ്ടാം വിമാനത്താവളത്തിന് പ്രശ്നം ആ കരാർ, കുരുക്കഴിഞ്ഞാലും മറ്റൊരു കടമ്പ
Bengaluru Second Airport Updates: കർണ്ണാടക സർക്കാരിൻ്റെ നിർദ്ദേശത്തെ തുടർന്ന് രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള മൂന്ന് സാധ്യ സ്ഥലങ്ങളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സാധ്യതാ പഠനം നടത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം

Bengaluru Second Airport Updates
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം വരാൻ കാത്തിരിക്കുന്നവർക്ക് ഒരു പ്രധാന അപ്ഡേറ്റ്. സ്ഥലം കണ്ടെത്തുന്നതും സാധ്യത പഠനം നടത്തുന്നതുമൊക്കെ ഒരു ഭാഗത്ത് നടന്നുവെങ്കിലും വിമാനത്താവളം വരുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔപചാരിക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കി. കർണ്ണാടക സർക്കാരിൻ്റെ നിർദ്ദേശത്തെ തുടർന്ന് രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള മൂന്ന് സാധ്യ സ്ഥലങ്ങളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സാധ്യതാ പഠനം നടത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കണ്ടെത്തലുകൾ സംസ്ഥാന സർക്കാരിന് സമർപ്പിച്ചെങ്കിലും തുടർ നടപടി സംബന്ധിച്ച് സംസ്ഥാന സർക്കാർ അഭിപ്രായം അറിയിച്ചിട്ടില്ല.
പണിയായ കരാർ
വിമാനത്താവളത്തിന് തടസ്സമാകുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. നിലവിലെ ബെംഗളൂരു വിമാനത്താവളമായ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (KIA) ഓപ്പറേറ്ററായ ബി.ഐ.എ.എൽ (Bengaluru International Airport Ltd) ഉം കേന്ദ്ര സർക്കാരും തമ്മിലുള്ള കരാർ പ്രകാരം, കെംപഗൗഡ ആരംഭിച്ച് 25 വർഷം തികയുന്നതുവരെ അതിന് ചുറ്റുമുള്ള 150 കിലോമീറ്റർ പരിധിയിൽ പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ പാടില്ല. നിലവിലെ സാഹചര്യത്തിൽ ഇതേ ചുറ്റളവിൽ തന്നെ വേണം പുതിയ വിമാനത്താവളം വരേണ്ടതും. അതല്ലെങ്കിൽ ഇതിനായി ബി.ഐ.എ.എൽ-ൻ്റെ അനുമതി വാങ്ങുകയും, ആവശ്യമായ നഷ്ടപരിഹാരം നൽകുകയും വേണം. ഇതിന് സർക്കാർ തയ്യാറാവുമോ എന്നാണ് കാണേണ്ടത്.
സർക്കാർ അപേക്ഷ നൽകിയില്ല
പഠന റിപ്പോർട്ടുകൾ ലഭിച്ചിട്ടും. ഗ്രീൻഫീൽഡ് എയർപോർട്ട് പോളിസി പ്രകാരമുള്ള അപേക്ഷ കർണ്ണാടക സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇനി ഏട്ടു വർഷം കഴിഞ്ഞാലാണ് ബി.ഐ.എ.എൽ ഉം ആയുള്ള കരാർ പൂർത്തിയാകുക. അതായത് 2033-ൽ പദ്ധതിക്ക് പച്ചക്കൊടി വീഴുമെങ്കിലും അതൊരു നീണ്ട കാലയളവാകുന്നതിനാൽ പ്രതിസന്ധികൾ ഏറെയാണ്.