Bengaluru Traffic: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പഴങ്കഥയാകുന്നു; 3 മണിക്കൂര്‍ യാത്രയൊക്കെ പണ്ട്, അണിയറയില്‍ വമ്പന്‍ പദ്ധതികള്‍
Bengaluru Commuters to Benefit as Major Road and Flyover Projects Near Completion: മേഖലയിലേക്ക് വലിയ തോതില്‍ നിക്ഷേപമെത്തുന്നത് കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. ഇതോടൊപ്പം ഇന്ത്യയിലെ മുന്‍നിര സാങ്കേതിക കേന്ദ്രമെന്ന നിലയില്‍ ബെംഗളൂരുവിന്റെ നൂതനമായ വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
ബെംഗളൂരുവിന്റെ എക്കാലത്തെയും പ്രശ്‌നമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സുപ്രധാന നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. മെട്രോ വികസം, തുരങ്ക പാതകള്‍, മേല്‍പ്പാലങ്ങള്‍ തുടങ്ങി അതിഗംഭീരമായ പദ്ധതികളാണ് ജനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരുക്കാന്‍ പോകുന്നത്. ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏകദേശം 1.5 ട്രില്യണ്‍ രൂപ നിക്ഷേപിക്കാനുള്ള പദ്ധതികളാണ് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചത്.
ബെംഗളൂരുവിനായി മൊബിലിറ്റി പ്ലാന്‍
ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏകദേശം 1.5 ട്രില്യണ്‍ രൂപ നിക്ഷേപിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഡികെ ശിവകുമാര്‍ പറഞ്ഞത്. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മേഖലയിലേക്ക് വലിയ തോതില്‍ നിക്ഷേപമെത്തുന്നത് കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. ഇതോടൊപ്പം ഇന്ത്യയിലെ മുന്‍നിര സാങ്കേതിക കേന്ദ്രമെന്ന നിലയില്‍ ബെംഗളൂരുവിന്റെ നൂതനമായ വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
ബെംഗളൂരുവിലെ മെട്രോ ശൃംഖല അനുദിനം വികസിക്കുകയാണ്. ഇതിനകം 350 കിലോമീറ്റര്‍ മെട്രോ കണക്ടിവിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ അത് 500 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും ഡികെ ശിവകുമാര്‍ പറഞ്ഞു. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പദ്ധതികള്‍ വിശദമായി നോക്കാം.
- മെട്രോ വികസനം 350 കിലോമീറ്ററില്‍ നിന്ന് 500 കിലോമീറ്ററായി
- 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ തുരങ്കപാത
- 44 കിലോമീറ്റര്‍ ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍
- 133 കിലോമീറ്റര്‍ ഫ്‌ളൈഓവറുകളുടെ ശൃംഖല
- 123 കിലോമീറ്റര്‍ ബെംഗളൂരു ബിസിനസ് ഇടനാഴി
- ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഹെബ്ബാളിനടുത്ത് പ്രത്യേക തുരങ്കപാത
40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാനാണ് നീക്കം. പദ്ധതിയുടെ അംഗീകാരത്തിനായി ഉടന്‍ മന്ത്രിസഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ ഹെബ്ബാളിന് സമീപം തുരങ്കപാത നിര്‍മിക്കാനാവശ്യമായ നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം.
Also Read: Namma Metro: നമ്മ മെട്രോയില്‍ യാത്ര വേണ്ട; ട്രെയിന്‍ സര്‍വീസ് എന്നും അവതാളത്തില്‍
ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഈ പദ്ധതികളും
ബെംഗളൂരുവിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ബെംഗളൂരു സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനോട് സമഗ്രമായ വികസന പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 3,000 കോടി രൂപ ചെലവില്‍ 450 കിലോമീറ്റര്‍ വൈറ്റ് ടോപ്പിങ് റോഡുകള്‍ക്കായി നിര്‍മിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
ശാസ്ത്രീയമായി നിര്‍മിക്കുന്ന റോഡുകളോടൊപ്പം കാല്‍നടയാത്രക്കാര്‍ക്കായി ഉയര്‍ന്ന നിലവാരമുള്ള നടപ്പാതകളും നിര്‍മിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 150 കിലോമീറ്റര്‍ എലിവേറ്റഡ് ഇടനാഴികള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
അതേസമയം, ബെംഗളൂരുവിലെ ശരാശരി ഗതാഗതക്കുരുക്ക് 74.4 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരുവിന്റെ സ്ഥാനം. യാത്രക്കാര്‍ക്ക് 10 കിലോമീറ്റര്‍ മാത്രം സഞ്ചരിക്കാന്‍ വേണ്ടത് ഏകദേശം 36 മിനിറ്റും 9 സെക്കന്‍ഡുമാണ്. പ്രതിവര്‍ഷം 168 മണിക്കൂറോളം ഗതാഗതക്കുരുക്കിലാണ് ബെംഗളൂരുവിലെ ജനങ്ങള്‍.
English Summary
Bengaluru is set to witness significant relief from traffic congestion as several key road, flyover and tunnel projects near completion. The city is preparing to open multiple infrastructure projects aimed at reducing travel time across major corridors. Here’s when these projects are expected to become operational and how they could benefit commuters.