Delhi Protest: പ്രതിഷേധങ്ങൾക്കായി അനിശ്ചിതലത്തേക്ക് ഒരു സ്ഥലം കയ്യേറി വെക്കാനാകില്ല; വിമർശനവുമായി സുപ്രീം കോടതി
Designated Protest Sites Must Have Strict Time Limits: Supreme Court: ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിന് ഒരു ദിവസത്തെ അനുമതി മാത്രമാണ് നൽകിയതെന്നും, എന്നാൽ പ്രതിഷേധക്കാർ സ്ഥലം കയ്യേറുകയും പാർലമെൻ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തതായി തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. പാർലമെൻ്റ് വെറുമൊരു കെട്ടിടമല്ല. പാർലമെൻ്റിലേക്കും സുപ്രീംകോടതിയിലേക്കും മാർച്ച് നടത്താൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Supreme Court
ന്യൂഡൽഹി: സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമായി ഒരു പ്രത്യേക സ്ഥലം എക്കാലത്തേക്കും കയ്യേറി വെക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങൾക്കായി അനുവദിക്കപ്പെട്ട സ്ഥലങ്ങൾക്കും കൃത്യമായ സമയപരിധി ഉണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം ഡൽഹിയിലെ ജന്തർമന്തറിലും അടുത്തിടെ രാംലീല മൈതാനിയിലും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജന്തർമന്തറിനെ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പകരമായി രാംലീല മൈതാനി ഉൾപ്പെടെ മൂന്ന് സ്ഥലങ്ങൾ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾ ആഹ്വാനം ചെയ്യുന്നവർ തന്നെ അതിൻ്റെ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദികളായിരിക്കുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
“പ്രതിഷേധങ്ങൾക്കായി ഒരു സ്ഥലം എക്കാലത്തേക്കും കയ്യേറി വെക്കാനാകില്ല. കർഷകർക്കോ അഭിഭാഷകർക്കോ പ്രതിഷേധിക്കണം എങ്കിൽ അവർ എവിടെ പോകും? എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഉത്സവ സീസണിൽ പ്രതിഷേധങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ നൽകിയ ഹർജിയിൽ കേന്ദ്രത്തിൽ നിന്നും മറ്റ് കക്ഷികളിൽ നിന്നും കോടതി പ്രതികരണം തേടി.
Also Read: Chennai Metro: ചെന്നൈ മെട്രോ രണ്ടാം ഘട്ടം: കാത്തിരുന്ന പാത ഡിസംബറിൽ പൂർത്തിയാകും
ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിന് ഒരു ദിവസത്തെ അനുമതി മാത്രമാണ് നൽകിയതെന്നും, എന്നാൽ പ്രതിഷേധക്കാർ സ്ഥലം കയ്യേറുകയും പാർലമെൻ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തതായി തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. പാർലമെൻ്റ് വെറുമൊരു കെട്ടിടമല്ല. പാർലമെൻ്റിലേക്കും സുപ്രീംകോടതിയിലേക്കും മാർച്ച് നടത്താൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരികൾ നൽകിയ ഹർജിക്ക് പുറമെ പോലീസിൻ്റെ അതിക്രമം, മെട്രോ സ്റ്റേഷനുകൾ അടച്ചിടൽ, ഇൻ്റർനെറ്റ് റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള നിരവധി ഹർജികളാണ് ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. പ്രതിഷേധങ്ങൾ കാരണം തങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരെ കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ വ്യാപാരി സംഘടനകളോട് കോടതി നിർദ്ദേശിച്ചു.
പ്രതിഷേധ സ്ഥലത്തിന് സമീപം ഏകദേശം 50 ലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നും വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നെന്നും വ്യാപാരികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. പ്രതിഷേധ സംഘടനകളെ കൂടി കക്ഷി ചേർക്കാതെ കോടതിക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
The Supreme Court stated that protest sites cannot be occupied indefinitely. Hearing a petition against recent Delhi protests, the bench emphasized that designated venues must have strict time limits.