Vehicle Fitness Fee: പഴയ വാഹനങ്ങളെല്ലാം തൂക്കിവില്‍ക്കാം; ഫിറ്റ്‌നസ് ഫീസ് കുത്തനെ കൂട്ടി കേന്ദ്രം
Vehicle Fitness Fee Hike: വാഹനങ്ങളെ മൂന്നായി തിരിച്ചാണ് നിരക്ക് ഏര്‍പ്പെടുത്തുന്നത്. 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍, 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍, 20 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇനിയല്‍പം കടുപ്പമാകും. ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉയര്‍ത്തി. മോട്ടോര്‍ വാഹന നിയമത്തിലെ അഞ്ചാം ഭേദഗതി അനുസരിച്ച് ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസില്‍ പത്തിരട്ടി വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ പഴക്കത്തിന്റെയും വിഭാഗത്തിന്റെയും അടിസ്ഥാനത്തില്‍ നിരക്ക് വ്യത്യാസപ്പെടും.
പുതുക്കിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു നേരത്തെ ഉയര്‍ന്ന ഫീസ് ഈടാക്കിയിരുന്നത്. എന്നാല്‍ നിലവിലെ മാറ്റം അനുസരിച്ച് ഇനി മുതല്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതാണ്.
വാഹനങ്ങളെ മൂന്നായി തിരിച്ചാണ് നിരക്ക് ഏര്‍പ്പെടുത്തുന്നത്. 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍, 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍, 20 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കാനാണ് ഉപരിതല ഗതാഗത വകുപ്പിന്റെ നീക്കം.




ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ക്വാഡ്രിസൈക്കിളുകള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഇടത്തരം ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ തുടങ്ങി എല്ലാ വിധ വാഹനങ്ങളെയും പുതുക്കിയ ഫിറ്റ്‌നസ് നിരക്ക് ബാധിക്കും. ഓരോന്നിന്റെയും പഴക്കം അനുസരിച്ചായിരിക്കും നിരക്ക് ഏര്‍പ്പെടുത്തുന്നതെന്ന് കേന്ദ്രം അറിയിച്ചു.
പുതുക്കിയ നിരക്ക്
20 വര്‍ഷത്തില്‍ കൂടുതല്‍ കാലപഴക്കമുള്ള ട്രക്കുകളും ബസുകളുമെല്ലാം ഫിറ്റ്‌നസ് പരിശോധനയ്ക്കായി 25,000 രൂപ നല്‍കണം. നേരത്തെ അത് 2,500 രൂപയായിരുന്നു. 20 വര്‍ഷത്തിലധികം പഴക്കമുള്ള ഇടത്തരം വാണിജ്യ വാഹനങ്ങള്‍ക്ക് 18,000 രൂപയായിരിക്കും ഇനിയുള്ള നിരക്ക്. നേരത്തെ അത് 1,800 രൂപയായിരുന്നു. 20 വര്‍ഷത്തിലധികം പഴക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ഫീസ് 15,000 രൂപയായും ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Also Read: Namm Metro Updates: 10 മിനുട്ടിൽ ഒരു ട്രെയിൻ, നമ്മ മെട്രോയിൽ വരാൻ പോകുന്നത്
20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2,000 രൂപയാണ് ഇനി നല്‍കേണ്ടത്. നേരത്തെ 600 രൂപയായിരുന്നു. മുച്ചക്ര വാഹനങ്ങള്‍ക്ക് 7,000 രൂപയും നല്‍കണം.
15 വര്‍ഷത്തിന് താഴെയുള്ള വാഹനങ്ങള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാണ്. മോട്ടോര്‍ സൈക്കിളിന് 400 രൂപ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 600 രൂപ, ഹൈവി വാണിജ്യ വാഹനങ്ങള്‍ 1,000 രൂപ എന്നിങ്ങനെ നല്‍കണമെന്നാണ് വിവരം.