Childrens Day 2025: കുട്ടികളെ സ്നേഹിച്ച പ്രിയപ്പെട്ട ‘അമ്മാവൻ’; ജവഹർലാൽ നെഹ്റുവിന് ചാച്ചാജി എന്ന പേര് വരാൻ കാരണം ഇത്
Reason Behind Nickname Chachaji For Nehru: എന്തുകൊണ്ടാണ് ജവഹർലാൽ നെഹ്റുവിനെ ചാച്ചാജി എന്ന് വിളിക്കുന്നതെന്നറിയാമോ? അതിന് പിന്നിലൊരു കാരണമുണ്ട്.

ജവഹർലാൽ നെഹ്റു
രാജ്യവ്യാപകമായി നവംബർ 14നാണ് ശിശുദിനം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് നവംബർ 14. അദ്ദേഹത്തിന് കുട്ടികളോടുള്ള സ്നേഹത്തിൻ്റെ പ്രതീകമായാണ് നെഹ്റുവിൻ്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നത്. നെഹ്റുവിന് ചാച്ചാജി എന്ന പേരുണ്ട്. ഈ പേര് എങ്ങനെ വന്നു എന്നറിയണ്ടേ.
ചാച്ചാ എന്ന പേരിൻ്റെ അർത്ഥം അമ്മാവൻ എന്നാണ്. ചാച്ചാജി എന്ന് പറയുമ്പോൾ ബഹുമാന്യനായ അമ്മാവൻ. കുട്ടികളോട് അദ്ദേഹത്തിനുണ്ടായിരുന്നത് അളവറ്റ സ്നേഹമാണ് ഈ പേര് ലഭിക്കാൻ കാരണം. വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും അദ്ദേഹം കുട്ടികളെ ഒരുപാട് സ്നേഹിച്ചു. എവിടെവച്ച് കുട്ടികളെ കണ്ടാലും അവരോട് സംസാരിക്കാനും ഇടപഴകാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. നെഹ്റുവിൻ്റെ ഏത് ചിത്രം കണ്ടാലും അതിലൊക്കെ അദ്ദേഹത്തിൻ്റെ കോട്ടിൻ്റെ പോക്കറ്റിൽ ചുവന്ന റോസാപ്പൂവുണ്ടാവും. ഇത് കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. റോസാപ്പൂവിൻ്റെ പരിശുദ്ധി കുട്ടികളുടെ നിഷ്കളങ്കത പോലെയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ സങ്കല്പം.
രാഷ്ട്രത്തിൻ്റെ ഭാവി കുട്ടികളിലാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട അവസരങ്ങളും ഒരുക്കിയെങ്കിൽ മാത്രമേ ഇന്ത്യക്ക് ശക്തമായ ഒരു രാജ്യമായി വളരാൻ കഴിയൂ. പൂന്തോട്ടത്തിലെ മൊട്ടുകൾ പോലെയാണ് കുട്ടികളെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവരെ കരുതലോടെയും സ്നേഹത്തോടെയും വളർത്തേണ്ടതുണ്ട്. കാരണം, അവർ രാഷ്ട്രത്തിൻ്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതൊക്കെ അദ്ദേഹത്തിന് ചാച്ചാജി എന്ന പേര് വരാൻ കാരണമായി.
നെഹ്റുവിൻ്റെ മരണത്തിന് ശേഷമാണ് ഇന്ത്യയിൽ ശിശുദിനം നവംബർ 14ന് ആചരിച്ചുതുടങ്ങിയത്. അതുവരെ നവംബർ 20നായിരുന്നു ശിശുദിനം. ഇപ്പോഴും ആഗോള ശിശുദിനം നവംബർ 20നാണ്. എന്നാൽ, ഇന്ത്യയിൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14ന് ശിശുദിനം ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.