Viral News: സ്ഥാനമേറ്റെടുക്കേണ്ട ദിവസം നാലു പേര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോയി; രണ്ട് നിയുക്ത പഞ്ചായത്ത് അംഗങ്ങള്‍ക്ക് നാണം; ഒടുവില്‍ സത്യപ്രതിജ്ഞ ചെയ്തത് ഭര്‍ത്താക്കന്മാര്‍
Chhattisgarh oath controversy: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്നും, സ്ത്രീകള്‍ക്കായി വാര്‍ഡുകള്‍ സംവരണം ചെയ്തതോടെ ഭാര്യമാരെ മത്സരിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നുമാണ് സത്യപ്രതിജ്ഞ ചെയ്ത ആറു ഭര്‍ത്താക്കന്മാരും പറഞ്ഞത്. 12 വാര്‍ഡുകളാണ് ഇവിടെയുള്ളത്. ആറെണ്ണമാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്

നിയുക്ത പഞ്ചായത്തംഗങ്ങളായ സ്ത്രീകള്‍ക്ക് പകരം ഭര്‍ത്താക്കന്മാര്‍ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. ഛത്തീസ്ഗഡിലെ പരാശ്വര ഗ്രാമത്തിലാണ് സംഭവം. മാര്‍ച്ച് മൂന്നിനായിരുന്നു സത്യപ്രതിജ്ഞ. വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ ജില്ലാ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തത്. ഇത്തരത്തില്‍ സത്യപ്രതിജ്ഞ അനുവദിക്കാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
നാല് സ്ത്രീകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയിരുന്നുവെന്നും, രണ്ട് പേര്‍ക്ക് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ നാണമായിരുന്നുവെന്നുമാണ് വിശദീകരണം. 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം അനുവദിച്ച ഇവിടെ പുരുഷന്മാര്‍ ഭാര്യമാരെ മത്സരിപ്പിക്കുന്നത് സാധാരണമാണെന്നാണ് റിപ്പോര്‍ട്ട്.




തങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്നും, സ്ത്രീകള്‍ക്കായി വാര്‍ഡുകള്‍ സംവരണം ചെയ്തതോടെ ഭാര്യമാരെ മത്സരിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നുമാണ് സത്യപ്രതിജ്ഞ ചെയ്ത ആറു ഭര്‍ത്താക്കന്മാരും ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.
12 വാര്‍ഡുകളാണ് ഇവിടെയുള്ളത്. ഇതില്‍ ആറെണ്ണമാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. മാര്‍ച്ച് മൂന്നിനായിരുന്നു പുതിയ അംഗങ്ങള്‍ ചുമതല ഏറ്റെടുക്കേണ്ടിയിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രത്തന്‍ ലാല്‍ ചന്ദ്രവംശി പറഞ്ഞു. ചടങ്ങിലേക്ക് എല്ലാ ഗ്രാമവാസികളെയും ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Watch | In Chattisgarh's Paraswara village, 6 women elected to panchayat, their husbands take oath pic.twitter.com/YXTxdCS20S
— The Indian Express (@IndianExpress) March 7, 2025
രണ്ട് മൃതദേഹസംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനാണ് നിയുക്ത അംഗങ്ങളായ നാലു വനിതകള്‍ പോയതെന്നും, അവിടെ നൂറിലധികം പുരുഷന്മാര്‍ ഉണ്ടായിരുന്നതിനാല്‍ മറ്റ് രണ്ട് പേര്‍ക്ക് പങ്കെടുക്കാന്‍ ലജ്ജ തോന്നിയെന്നും അദ്ദേഹം വിശദീകരിച്ചു. മാര്‍ച്ച് എട്ടിന് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുമ്പോള്‍, ആറു സ്ത്രീകളും സത്യപ്രതിജ്ഞ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്ത്രീകള്‍ക്ക് പകരം അവരുടെ ഭര്‍ത്താക്കന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയായി. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്. ഇനി പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കുമെന്നും, ഉത്തരവാദിത്തങ്ങളെക്കുറിച്ച് പഠിക്കുമെന്നും നിയുക്ത അംഗങ്ങളായ വനിതകള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.