Cyclone Ditwah: കനത്ത മഴ; തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി
Heavy Rains Lash Chennai: ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലാ കലക്ടർമാരാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. അണ്ണാ സർവകലാശാലയും മദ്രാസ് സർവകലാശാലയും സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു.

Chennai Rain
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകൾക്കാണ് അതത് ജില്ലാ കളക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്.
അണ്ണാ സർവകലാശാലയും മദ്രാസ് സർവകലാശാലയും സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റുന്നതെന്ന് സർവകലാശാലകൾ വ്യക്തമാക്കി. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. നാളെ വരെ സംസ്ഥാനത്ത് അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം.
Also Read:ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ, ഉയരം മൂന്നടി മാത്രം; ഇത് ഗുജറാത്തിലെ ഗണേഷ് ബറേയുടെ കഥ
കഴിഞ്ഞ ദിവസം മുതൽ തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ചെന്നൈയും പരിസര പ്രേദശങ്ങളും വെള്ളം കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ ദുരന്തബാധിതപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവള്ളൂരിൽ പൂനമല്ലി ഹൈവേയിൽ മഴവെള്ളക്കെട്ടിൽ ഒരു കാർ കുടുങ്ങി.
അതേസമയം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.