Delhi Elections 2025: വോട്ടില്‍ 0.12 ശതമാനം വര്‍ധന; പുതിയ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Delhi Elections 2025 Counting: വോട്ടെടുപ്പ് നടന്ന ദിവസം രാത്രി ജില്ലകള്‍ തിരിച്ചുള്ള പോളിങ് കണക്ക് പുറത്തുവന്നിരുന്നു. അതില്‍ നിന്നും 0.12 ശതമാനം വോട്ടിന്റെ വര്‍ധനവാണ് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത് നിയോജക മണ്ഡലം തിരിച്ചുള്ള കണക്കാണ്.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വോട്ടുകളുടെ അന്തിമ പട്ടികയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോള്‍ ചെയ്ത ആകെ വോട്ടുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്.
വോട്ടെടുപ്പ് നടന്ന ദിവസം രാത്രി ജില്ലകള്‍ തിരിച്ചുള്ള പോളിങ് കണക്ക് പുറത്തുവന്നിരുന്നു. അതില്‍ നിന്നും 0.12 ശതമാനം വോട്ടിന്റെ വര്‍ധനവാണ് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത് നിയോജക മണ്ഡലം തിരിച്ചുള്ള കണക്കാണ്.
വോട്ടെടുപ്പിന്റെ കണക്കുകള്‍ പുറത്തുവിടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് അന്തിമ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ആകം 94,51,997 പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കില്‍ പറയുന്നത്. ഇതില്‍ 50,42,988 പുരുഷ വോട്ടര്‍മാരും 44,08,606 വനിതാ വോട്ടര്‍മാരുമാണ്.
തെരഞ്ഞെടുപ്പ് നടന്ന ദിവസം പുറത്തുവിട്ട കണക്ക് അനുസരിച്ച് 60.42 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇന്ന് (ഫെബ്രുവരി 7) പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് 60.54 ശതമാനമായി പോളിങ് ഉയര്‍ന്നുവെന്നാണ്.
അതേസമയം, ഡല്‍ഹിയില്‍ തങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി. ഭരണം ഉറപ്പിക്കുന്നതിനായി കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ആവശ്യമെങ്കില്‍ സഹായം തേടുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചു.
ഫെബ്രുവരി 8ന് ഉച്ചയോടെ മാത്രമേ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ് കടുത്ത പ്രചാരണം തന്നെ നടത്തിയിരുന്നു. അവര്‍ക്ക് സീറ്റ് ലഭിച്ചാല്‍ അത് എഎപിയുടെ ചെലവില്‍ ആയിരിക്കും. ഇരുപാര്‍ട്ടികളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
Also Read: Delhi Elections 2025: ഡല്‍ഹി തെരഞ്ഞെടുപ്പ്; ബിജെപിക്ക് അനുകൂലമെന്ന് പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ
50 ല്‍ അധികം സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഏഴോ എട്ടോ സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാന്‍ സാധ്യതയുണ്ട്. 45 സീറ്റുകളില്‍ വിജയം ഉറപ്പാണ്. രണ്ടോ മൂന്ന് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി യൂണിറ്റ് മേധാവി ഗോപാല്‍ റായ് പ്രതികരിച്ചു.
അതേസമയം, ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആം ആദ്മി പാര്‍ട്ടി വിജയിക്കുകയാണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച അത്ര സീറ്റുകള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബജറ്റില്‍ കൊണ്ടുവന്ന നികുതി ഇളവ് പ്രഖ്യാപനം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി.