Delhi Rain Alert: ഡൽഹിയിൽ പെരുമഴക്കാലം! ഒരൊറ്റ ദിവസം കൊണ്ട് താപനില പത്ത് ഡിഗ്രി താഴേക്ക്; വൻ നാശനഷ്ടം
Delhi Weather News : കനത്ത മഴയില്‍ ഡല്‍ഹിയില്‍ ജനജീവിതം സ്തംഭിച്ചു. ദിവസങ്ങളായി തുടർന്ന കടുത്ത ഉഷ്ണത്തിൽ നിന്ന് ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമേകിയെങ്കിലും, ഡല്‍ഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടുണ്ടായി. വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണത് ഗതാഗതക്കുരുക്കുണ്ടാക്കി.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കനത്ത മഴയില്‍ രാജ്യതലസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. ദിവസങ്ങളായി തുടർന്ന കടുത്ത ഉഷ്ണത്തിൽ നിന്ന് ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമേകിയെങ്കിലും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടുണ്ടായി. വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണത് ഗതാഗതക്കുരുക്കുണ്ടാക്കി. ഗീതാ കോളനി റോഡ് മുതൽ നോയിഡ വരെയുള്ള ഭാഗം, എൻ.എച്ച്-48, ഓൾഡ് റോഹ്തക് റോഡ്, അക്ഷർധാം റോഡ് മുതൽ നോയിഡ വരെയുള്ള പ്രധാന പാതകൾ എന്നിവയുൾപ്പെടെയുള്ള പല റോഡുകളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴ മൂലം നഗരത്തിലെ താപനിലയില്‍ ഇടിവുണ്ടായി. താപനില ഏകദേശം 10 ഡിഗ്രി സെൽഷ്യസ് കുറഞ്ഞു.
മഹാവീർ ബസാർ, ഗീതാ കോളനി, സംഗം വിഹാർ, വസീരാബാദ്, ജഗത്പൂർ, ബദർപൂർ അതിർത്തി തുടങ്ങിയ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തെക്കുകിഴക്കൻ ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിൽ റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണ് അവിടെ പാർക്ക് ചെയ്തിരുന്ന മെഴ്സിഡസ് കാറിനും അതിലൂടെ കടന്നുപോയ മറ്റൊരു വാഹനത്തിനും മുകളിലേക്ക് വീണു.
കനത്ത മഴയ്ക്ക് കാരണമെന്ത്?
പാകിസ്ഥാന്റെ വടക്കൻ മേഖലയ്ക്ക് മുകളിലുള്ള ‘വെസ്‌റ്റേണ്‍ ഡിസ്റ്റര്‍ബന്‍സും’, മധ്യപ്രദേശിന് മുകളിലുള്ള ശക്തമായ ന്യൂനമർദ്ദവും, അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റും തമ്മിലുണ്ടായ പ്രതിപ്രവർത്തനമാണ് ഡൽഹിയിൽ തുടർച്ചയായ മഴയ്ക്ക് കാരണമായതെന്ന് സ്കൈമെറ്റിലെ മഹേഷ് പലാവത് വ്യക്തമാക്കി.
അടുത്ത രണ്ട് ദിവസങ്ങളിൽ താപനിലയിൽ നേരിയ വർധനവുണ്ടാകുമ്പോൾ മഴയുടെ തീവ്രത ക്രമേണ കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഡൽഹിയിൽ ഒറ്റപ്പെട്ട മഴ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. ബുധനാഴ്ച ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴക്കമ്മി 12 ശതമാനമായി കുറഞ്ഞു
ജൂലൈ മാസത്തെ ആദ്യവാരത്തിൽ സാധാരണയിൽ കൂടുതൽ മൺസൂൺ മഴ ലഭിച്ചതോടെ രാജ്യത്തെ ആകെ മഴക്കമ്മി 12 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. ഇതോടൊപ്പം, ‘എൽ നിനോ’ പ്രതിഭാസമുള്ള വർഷമാണെങ്കിലും അത് മഴയുടെ അളവ് സാധാരണ നിലയേക്കാൾ കുറയാൻ നിർബന്ധിത കാരണമാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
എൽ നിനോ പ്രതിഭാസം സമ്പദ്‌വ്യവസ്ഥയിലെ മറ്റ് മേഖലകളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിലായിരുന്നു നടന്നത്.
ജൂൺ മുതൽ ജൂലൈ 7 വരെയുള്ള രാജ്യത്തെ പൊതുവായ മഴലഭ്യതയുടെ വിവരങ്ങൾ കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. എൽ നിനോ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും, മൺസൂൺ വൈകുന്നതോ കുറയുന്നതോ മൂലം പ്രതിസന്ധിയിലാകാൻ സാധ്യതയുള്ള ജില്ലകളിലെ അവസ്ഥ സംസ്ഥാനങ്ങളുമായി ചേർന്ന് വിലയിരുത്തണമെന്നും പി.കെ. മിശ്ര നിർദ്ദേശിച്ചു.
English Summary
Heavy rain caused severe waterlogging and massive traffic jams across Delhi. The heavy downpour also brought down temperatures by ten degrees Celsius. Several key roads were flooded, and instances of uprooted trees were reported. The Prime Minister’s Office held a high-level meeting to review El Nino risks.