Delhi University Student Death: ‘ഞാനൊരു പരാജയവും ഭാരവുമാണ്’; ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Delhi University Student Dead Body Found: സ്‌നേഹയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്‌ളൈഓവര്‍ ഭാഗത്തുവെച്ചാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് വിവരം. ജൂലൈ ഏഴിനാണ് സ്‌നേഹയെ കാണാതായത്.

സ്‌നേഹ
ന്യൂഡല്‍ഹി: കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കാണാതായതിന് ആറ് ദിവസങ്ങള്‍ക്ക് ശേഷം യമുന നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തൃപുര സ്വദേശിയായ 19 വയസുള്ള സ്‌നേഹയാണ് മരിച്ചത്. ഉപരിപഠനത്തിനായി ഡല്‍ഹിയിലെത്തിയതായിരുന്നു സ്‌നേഹ.
സ്‌നേഹയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്‌ളൈഓവര്‍ ഭാഗത്തുവെച്ചാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് വിവരം. ജൂലൈ ഏഴിനാണ് സ്‌നേഹയെ കാണാതായത്. സുഹൃത്തിനൊപ്പം സരായ് റോഹില്ല റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുകയാണെന്ന് സ്‌നേഹ കുടുംബത്തെ വിളിച്ചറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് സ്‌നേഹയുടെ ഫോണ്‍ സ്വിച്ച് ഓഫായി. സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അന്നേ ദിവസം സ്‌നേഹയെ താന്‍ കണ്ടിട്ടില്ലെന്ന് അറിയാന്‍ സാധിച്ചു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അല്ല സ്‌നേഹ പോയതെന്നും, സിഗ്നേച്ചര്‍ പാലത്തിലേക്കാണ് പോയതെന്നും കണ്ടെത്തി.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹി പോലീസിന്റെയും എന്‍ഡിആര്‍എഫിന്റെയും സഹായത്തോടെ പാലത്തിന്റെ സമീപത്ത് സ്‌നേഹയ്ക്കായി തിരിച്ചില്‍ നടത്തി. തിരിച്ചിലില്‍ സ്‌നേഹയുടെ കൈയക്ഷരത്തിന് സമാനമായ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു.
താനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നു. ഇങ്ങനെ ജീവിക്കുന്നത് അസഹനീയമായി തുടങ്ങി. അതിനാല്‍ സിഗ്നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ആത്മഹത്യ സ്വന്തം തീരുമാനമാണ്, അതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും സ്‌നേഹയുടെ കുറിപ്പില്‍ പറയുന്നു.
Also Read: Tamil Nadu train fire: തമിഴ്നാട്ടിലെ ട്രെയിൻ തീപിടിത്തത്തിൽ അട്ടിമറി? പാളത്തിൽ വിള്ളൽ കണ്ടെത്തി
സിഗ്നേച്ചര്‍ പാലത്തില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് ഗീത കോളനിയുടെ ഫ്‌ളൈഓവര്‍. മൃതദേഹം ഒഴുകി നടക്കുന്ന നിലയിലായിരുന്നു. സ്‌നേഹ ജൂലൈ ഏഴിന് തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ അയച്ചതായും വിവരമുണ്ട്. താന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സ്‌നേഹ പറഞ്ഞതായി സുഹൃത്തുക്കള്‍ പോലീസിനെ അറിയിച്ചു.