Donald Trump H-1B Visa: വിവാഹം കഴിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ ജോലിയുള്ളവരെ വേണ്ട; എല്ലാം ട്രംപിന്റെ ഐശ്വര്യം
H-1B Impact on Indian Marriage: അമേരിക്കയെ മാത്രം ബാധിക്കുന്നതാകാം പുതിയ കുടിയേറ്റ നയങ്ങള്‍. എന്നാല്‍ വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യന്‍ തീന്‍ മേശകളില്‍ അവയുടെ അലയൊലികള്‍ ഉണ്ടാകുന്നു.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാകുന്നത് ഇന്ത്യക്കാരെ വിവിധ തരത്തിലാണ് ബാധിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിവാഹങ്ങളിലും ഈ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നുവെന്നതാണ് ശ്രദ്ധേയം. യുഎസ് വിസയിലുള്ള അനിശ്ചിതത്വം കാരണം ഇന്ത്യക്കാര്‍ തങ്ങളുടെ കുട്ടികളെ യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരുമായി വിവാഹം കഴിപ്പിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാനയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി തന്റെ അമേരിക്കന്‍ മോഹം ഉപേക്ഷിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സിദ്ധി ശര്‍മ എന്ന പത്തൊന്‍പതുകാരിക്ക് ഒരു എന്‍ആര്‍ഐയെ വിവാഹം കഴിക്കാനായിരുന്നു താത്പര്യം. വിവാഹത്തിന് ശേഷം യുഎസില്‍ സ്ഥിരതാമസമാക്കണമെന്നും അവള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ട്രംപ് തന്റെ മുന്നില്‍ വാതിലുകള്‍ അടച്ചിരിക്കുന്നുവെന്ന് അവള്‍ പ്രതികരിച്ചു.
അമേരിക്കയെ മാത്രം ബാധിക്കുന്നതാകാം പുതിയ കുടിയേറ്റ നയങ്ങള്‍. എന്നാല്‍ വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യന്‍ തീന്‍ മേശകളില്‍ അവയുടെ അലയൊലികള്‍ ഉണ്ടാകുന്നുവെന്ന് മാട്രിമോണി സ്ഥാപനമായ വോവ്‌സ് ഫോര്‍ എറ്റേണിറ്റിയുടെ സ്ഥാപകയായ അനുരാധ ഗുപ്ത പറയുന്നു.
എന്‍ആര്‍ഐകള്‍ക്കാണ് ഇന്ത്യയില്‍ വിവാഹ സാധ്യത കൂടുതലുള്ളത്. ഇവരില്‍ ഏകദേശം 2.1 ദശലക്ഷം ആളുകളാണ് യുഎസിലുള്ളത്. എന്നാല്‍ വിദഗ്ധ തൊഴിലാളികളെ ബാധിക്കുന്ന ട്രംപിന്റെ എച്ച്-1ബി വിസ പരിഷ്‌കരണം വിവാഹ മാര്‍ക്കറ്റില്‍ അവരുടെ ഡിമാന്‍ഡ് കുറച്ചു.
എന്‍ആര്‍ഐകളായ വരന്മാരോട് ഇന്ത്യക്കാര്‍ക്ക് വലിയ താത്പര്യമായിരുന്നു. എന്നാല്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം ആ ആഗ്രഹമെല്ലാം കുറഞ്ഞുവെന്ന് വനജ റാവു ക്വിക്ക് മാരേജസിന്റെ സ്ഥാപകയായ വനജ റാവു പറഞ്ഞു. അനിശ്ചിതത്വം തുടരുന്നതിനാല്‍ പല കുടുംബങ്ങളും വിവാഹം വൈകിപ്പിക്കുന്നുവെന്നും ഇത് എച്ച്-1ബിയുടേത് മാത്രമല്ല പൊതുവേ കുടിയേറ്റങ്ങളെല്ലാം അനിശ്ചിതത്വത്തില്‍ ആയതിനെ തുടര്‍ന്നുമാണെന്നും ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ താമസിക്കുന്ന ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു.