H1B Visa: എച്ച്1ബി വിസ ഫീസ് ഉയര്‍ത്തി; എന്താണ് ഗോള്‍ഡ്, പ്ലാറ്റിനം, കോര്‍പ്പറേറ്റ് ഗോള്‍ഡ് കാര്‍ഡുകള്‍?
Trump Card Benefits: അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം കമ്പനികള്‍ക്ക് കഴിവുറ്റവരെ നിയമിക്കാനും അവരെ യുഎസിലേക്ക് കൊണ്ടുവരാനുമുള്ള അവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് ഉയര്‍ത്തിയതെന്നാണ് ട്രംപിന്റെ വാദം.
വാഷിങ്ടണ്‍: യുഎസില്‍ ജോലി നോക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷാ ഫീസ് കുത്തനെ ഉയര്‍ത്തി. ഒരു ലക്ഷം ഡോളറാണ് ഇനി മുതല്‍ ഫീസായി നല്‍കേണ്ടത്. പുതിയ നിയമം സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും. 12 മാസത്തേക്ക് ഈ നിയമം നിലനില്‍ക്കുമെന്നാണ് ട്രംപ് അറിയിച്ചത്.
വിസ ഫീസ് ഉയര്‍ത്തിയ നടപടി ഇന്ത്യക്കാരെ സാരമായി തന്നെ ബാധിക്കും. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം കമ്പനികള്‍ക്ക് കഴിവുറ്റവരെ നിയമിക്കാനും അവരെ യുഎസിലേക്ക് കൊണ്ടുവരാനുമുള്ള അവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് ഉയര്‍ത്തിയതെന്നാണ് ട്രംപിന്റെ വാദം.
സാധാരണക്കാര്‍ക്ക് ഗോള്‍ഡ് കാര്‍ഡും പ്ലാറ്റിനം കാര്‍ഡും ബിസിനസുകാര്‍ക്ക് കോര്‍പ്പറേറ്റ് ഗോള്‍ഡ് കാര്‍ഡും ഉള്‍പ്പെടുന്ന ഗോള്‍ഡ് കാര്‍ഡ് വിസ പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. പ്രൊഫസര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് ഈ കാര്‍ഡുകള്‍ പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.




ട്രംപ് ഗോള്‍ഡ് കാര്‍ഡ്
1 ദശലക്ഷം ഡോളറാണ് ഗോള്‍ഡ് കാര്‍ഡിന് നല്‍കേണ്ട വില. ആളുകള്‍ക്ക് യുഎസില്‍ പൗരത്വം നേടുന്നതിന് ഈ കാര്‍ഡ് സഹായിക്കും. പ്രോസസിങ് ഫീസ് നിര്‍ബന്ധമായും അപേക്ഷകന്‍ നല്‍കണം. ഈ തുക റീഫണ്ട് ലഭിക്കുന്നതല്ല. യുണൈറ്റഡ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഈ കാര്‍ഡ് വഴി പരിശോധനകള്‍ എളുപ്പത്തിലാക്കുന്നു. അംഗീകാരം ലഭിച്ചാല്‍ ഈ കാര്‍ഡ് യുഎസില്‍ എവിടെയും ഉപയോഗിക്കാം.
Also Read: H-1B Visa: എച്ച്-1ബി വിസകൾക്ക് 88 ലക്ഷം രൂപ, ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്
ട്രംപ് പ്ലാറ്റിനം കാര്‍ഡ്
5 ദശലക്ഷം ഡോളറാണ് പ്ലാറ്റിനും കാര്‍ഡിന്റെ ഫീസ്. ഈ കാര്‍ഡിനായുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നിരുന്നാലും അപേക്ഷകന്‍ സൈറ്റില്‍ സൈന്‍ അപ്പ് ചെയ്ത് വെയ്റ്റിങ് ലിസ്റ്റില്‍ സ്ഥാനം ഉറപ്പിക്കേണ്ടതുണ്ട്. പ്രോസസിങ് ഫീസ് അടച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ പരിശോധനയ്ക്ക് വേണ്ടി അപേക്ഷകന്‍ കാത്തിരിക്കണം. അംഗീകാരം ലഭിച്ചാല്‍ നികുതി നല്‍കാതെ ഒരാള്‍ക്ക് 270 ദിവസം വരെ യുഎസില്‍ ചെലവഴിക്കാം.
ട്രംപ് കോര്‍പ്പറേറ്റ് ഗോള്‍ഡ് കാര്‍ഡ്
വിദേശ ജീവനക്കാരെ നിയമിക്കുന്ന കാമ്പനികള്‍ക്കാണ് ഈ കാര്‍ഡ് ലഭിക്കുക. 2 മില്യണ്‍ ഡോളറാണ് വില. പ്രോസസിങ് ഫീസിന് പുറമെ വാര്‍ഷിക ഫീസും നല്‍കണം. ഈ കാര്‍ഡ് ഒരു ജീവനക്കാരനില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റാന്‍ സാധിക്കും.