AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലായി 55 സാഹിത്യകൃതികള്‍ പുറത്തിറക്കി കേന്ദ്രം

വിവിധ ഭാഷകളിലായി 55 സാഹിത്യ കൃതികള്‍ പുറത്തിറക്കി കേന്ദ്രം. മലയാളം, തമിഴ്, ഒഡിയ, തെലുങ്ക്, കന്നഡ എന്നീ ക്ലാസിക്കൽ ഭാഷകളിലും ഇന്ത്യൻ ആംഗ്യഭാഷയിലുമുള്ള സാഹിത്യ കൃതികളുടെ പ്രകാശനം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിര്‍വഹിച്ചു

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലായി 55 സാഹിത്യകൃതികള്‍ പുറത്തിറക്കി കേന്ദ്രം
Dharmendra Pradhan
Jayadevan AM
Jayadevan AM | Updated On: 06 Jan 2026 | 08:27 PM

ന്യൂഡൽഹി: മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 55 സാഹിത്യ കൃതികള്‍ പുറത്തിറക്കി കേന്ദ്രം. മലയാളം, തമിഴ്, ഒഡിയ, തെലുങ്ക്, കന്നഡ എന്നീ ക്ലാസിക്കൽ ഭാഷകളിലും ഇന്ത്യൻ ആംഗ്യഭാഷയിലുമുള്ള സാഹിത്യ കൃതികളുടെ പ്രകാശനം ന്യൂഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിര്‍വഹിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ (സിഐഐഎൽ) കീഴില്‍ ‘ക്ലാസിക്കല്‍ ലാംഗ്വേജ് സെന്റര്‍ ഓഫ് എക്‌സലന്‍സ്’ തയ്യാറാക്കിയ 41 പുസ്തകങ്ങളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് പുറത്തിറക്കിയ 13 പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഇതിനുപുറമെ, തമിഴ് ക്ലാസിക് കൃതി ‘തിരുക്കുറളിന്റെ’ ഇന്ത്യൻ ആംഗ്യഭാഷയിലുള്ള വ്യാഖ്യാനവും മന്ത്രി പ്രകാശനം ചെയ്തു. മലയാളം, കന്നഡ, തെലുങ്ക്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ പ്രധാനപ്പെട്ട കൃതികളടക്കം പ്രകാശനം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ പൗരാണിക ഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള കേന്ദ്ര ഗവൺമെന്റ് നീക്കങ്ങളുടെ ഭാഗമായാണ് കൃതികള്‍ പ്രകാശനം ചെയ്തത്. ഇന്ത്യയുടെ ഭാഷാ പൈതൃകത്തെ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രബിന്ദുവാക്കി മാറ്റുകയാണ് മറ്റൊരു ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എല്ലാ ഇന്ത്യൻ ഭാഷകളെയും ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ വിപുലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. കൂടുതല്‍ ഭാഷകളെ ഷെഡ്യൂള്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ക്ലാസിക്കല്‍ കൃതികളെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു. ഇന്ത്യന്‍ ഭാഷകളിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭാഷകൾ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവും ഭാഷാ വൈവിധ്യം നിറഞ്ഞതുമായ ഒരു രാജ്യമാണെന്നും രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവും സാഹിത്യപരവുമായ സമ്പത്ത് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവി തലമുറകളെ അതിനെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഇന്ത്യൻ ഭാഷകളും ദേശീയ ഭാഷകളാണെന്നാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഭാഷകളിലെ വിദ്യാഭ്യാസം എന്ന ദർശനത്തെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു കൊണ്ടുപോകുന്നു. നാനാത്വത്തില്‍ ഏകത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യയെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഭാരതീയ ഭാഷാ സമിതി, സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (സിഐഐഎൽ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (സിഐസിടി) എന്നിവയെ മന്ത്രി അഭിനന്ദിച്ചു.