Vande Bharat Sleeper: സിസിടിവി, ബ്രെയിൻ ലിപി… വന്ദേഭാരത് സ്ലീപ്പറിനകത്ത് എന്തെല്ലാം?
Inside India's First Vande Bharat Sleeper: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യത്തെ സർവീസ് അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പറിൽ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യത്തെ സർവീസ് അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പറിൽ ഒരുക്കിയിട്ടുള്ളത്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
16 കോച്ചുകളുള്ള ട്രെയിനിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമാണുള്ളത്. ഏകദേശം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിന് സാധിക്കും. 180 കി.മീ വേഗതയിൽ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ ട്രെയിൻ. കുലുക്കം കുറയ്ക്കുന്നതിനായി പ്രത്യേക സസ്പെൻഷൻ സംവിധാനവും സെമി-ഓട്ടോമാറ്റിക് കപ്ലറുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ‘കവച്’ സാങ്കേതികവിദ്യ, എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, അത്യാധുനിക അഗ്നിശമന സംവിധാനം എന്നിവയും വന്ദേഭാരത് സ്ലീപ്പറിലുണ്ട്. കൂടാതെ, ഓരോ റൂട്ടിലും പ്രാദേശിക വിഭവങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കും.
ഗുവാഹത്തിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ അസമീസ് ഭക്ഷണവും ഹൗറയിൽ നിന്ന് പുറപ്പെടുന്നവയിൽ ബംഗാളി ഭക്ഷണവും ലഭിക്കും. ബാത്ത്റൂമുകളിൽ വെള്ളം തെറിക്കുന്നത് ഒഴിവാക്കാനുള്ള പ്രത്യേക രൂപകൽപ്പനയും ബ്രെയിലി ലിപിയിലുള്ള സീറ്റ് നമ്പറുകളും ഇതിന്റെ പ്രത്യേകതയാണ്.
ഗുവാഹത്തി – ഹൗറ യാത്രയ്ക്ക് 3 എസിക്ക് ഏകദേശം 2,300 രൂപയും, 2 എസിക്ക് 3,000 രൂപയും, ഫസ്റ്റ് എസിക്ക് 3,600 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വിമാനയാത്രയെ അപേക്ഷിച്ച് സാധാരണക്കാർക്കും ഇടത്തരക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ആഡംബര യാത്ര ഉറപ്പാക്കുകയാണ് റെയിൽവേ ഇതിലൂടെ ലക്ഷ്യമിടുന്നത്.