Election Commission: ആരോപണങ്ങളെ ഭയക്കുന്നില്ല, വോട്ട് ചെയ്യുന്ന അമ്മമാരുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കണോ?; മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
Election Commissioner Gyanesh Kumar: ഇത്രയും സുതാര്യമായ ഒരു പ്രക്രിയയിൽ, ഇത്രയധികം ആളുകളുടെ മുന്നിൽ ഏതെങ്കിലും വോട്ടർക്ക് വോട്ട് മോഷ്ടിക്കാൻ കഴിയുമോ എന്നും ഗ്യാനേഷ് കുമാർ ചോദിച്ചു.

Gyanesh Kumar
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച് വോട്ട് കൊള്ള ആരോപണങ്ങൾക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
വോട്ട് കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളിൽ തോക്കുവച്ച് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുമ്പോൾ എല്ലാ വോട്ടർമാരുടെയും കൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭയമില്ലാതെ പാറപോലെ നിലകൊള്ളുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
അതേസമയം വോട്ട് ചോരി ആരോപണം ഉന്നയിച്ച് രാഹുൽ ഗാന്ധി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതിനെയും തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശിച്ചു. അമ്മമാരും പെൺമക്കളും മരുമക്കളും വോട്ട് ചെയ്യുന്ന സിസിടിവി വിഡിയോകൾ പങ്കിടണോ എന്നായിരുന്നു ഗ്യനേഷ് കുമാറിന്റെ ചോദ്യം. വോട്ടർ പട്ടികയിൽ പേരുള്ളവർ മാത്രമേ അവരുടെ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്തിട്ടുള്ളൂ എന്നും കൂട്ടിച്ചേർത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, ഒരു കോടിയിലധികം ജീവനക്കാർ, 10 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർ, 20 ലക്ഷത്തിലധികം സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാർ എന്നിവർ പ്രവർത്തിക്കുന്നുണ്ട്. ഇത്രയും സുതാര്യമായ ഒരു പ്രക്രിയയിൽ, ഇത്രയധികം ആളുകളുടെ മുന്നിൽ ഏതെങ്കിലും വോട്ടർക്ക് വോട്ട് മോഷ്ടിക്കാൻ കഴിയുമോ എന്നും ഗ്യാനേഷ് കുമാർ ചോദിച്ചു.