Crime News: കൊടുംക്രൂരത ! സ്ത്രീധനത്തിന്റെ പേരില്‍ പീഡനം, യുവതിയെ തീ കൊളുത്തി കൊന്നു
Greater Noida Dowry Case: നിക്കിയുടെ സഹോദരിയും ഇതേ കുടുംബത്തിലേക്കാണ് വിവാഹിതയായി എത്തിയത്. സ്ത്രീധനത്തിനായി തങ്ങളെ ഭര്‍തവീട്ടുകാര്‍ ഉപദ്രവിക്കുമായിരുന്നുവെന്നും, 36 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിക്കിയുടെ സഹോദരി കാഞ്ചൻ

പ്രതീകാത്മക ചിത്രം
ഗ്രേറ്റർ നോയിഡ: സ്ത്രീധനത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും യുവതിയെ തീകൊളുത്തി കൊന്നു. ഗ്രേറ്റര്‍ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിക്കി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുകയും, തുടര്‍ന്ന് തീ കൊളുത്തി കൊല്ലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിക്കിയുടെ സഹോദരിയും ഇതേ കുടുംബത്തിലേക്കാണ് വിവാഹിതയായി എത്തിയത്. സ്ത്രീധനത്തിനായി തങ്ങളെ ഭര്‍തവീട്ടുകാര്‍ ഉപദ്രവിക്കുമായിരുന്നുവെന്നും, 36 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിക്കിയുടെ സഹോദരി കാഞ്ചൻ പറഞ്ഞു.
ഗ്രേറ്റര്‍ നോയിഡയിലെ സിര്‍സ ഗ്രാമത്തിലാണ് സംഭവം നടന്നത്. 2016ലായിരുന്നു നിക്കിയുടെ വിവാഹം. ആറു മാസത്തിനുശേഷം സ്ത്രീധന പീഡനം ആരംഭിച്ചെന്നും, വ്യാഴാഴ്‌ച രാത്രിയിൽ ഭർതൃവീട്ടുകാർ നിക്കിയെ മർദ്ദിക്കുകയും തുടർന്ന് മകന്റെ മുന്നിൽ വെച്ച് തീകൊളുത്തുകയും ചെയ്തുവെന്നും കാഞ്ചന്‍ ആരോപിച്ചു.
നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും അവരുടെ മുടിയിൽ പിടിച്ചു വലിക്കുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊള്ളലേറ്റ് നിക്കി ഓടുന്നതാണ് മറ്റ് വീഡിയോകളിലുള്ളത്. തീ കെടുത്താന്‍ ആരോ വെള്ളം ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
തങ്ങളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് കാഞ്ചന്‍ പറഞ്ഞു. വീട്ടില്‍ നിന്ന് 36 ലക്ഷം രൂപ കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നും നാലിനുമിടയില്‍ തന്നെയും മര്‍ദ്ദിച്ചു. തങ്ങള്‍ മരിക്കുന്നതാണ് നല്ലതെന്നും, അവര്‍ വേറെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. പലതവണ അടിയേറ്റു. ഒരു ദിവസം മുഴുവന്‍ തനിക്ക് ബോധം നഷ്ടപ്പെട്ടതായും കാഞ്ചന്‍ പറഞ്ഞു.
തന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചാണ് സഹോദരിയെ ആക്രമിച്ചത്. തുടര്‍ന്ന് തീ കൊളുത്തി. താന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നീതി വേണമെന്നും കാഞ്ചന്‍ പറഞ്ഞു. തന്റെ അമ്മയുടെ ദേഹത്ത് അവര്‍ എന്തോ ഒഴിച്ചെന്നും, തുടര്‍ന്ന് തീ കൊളുത്തിയെന്നും നിക്കിയുടെ മകന്‍ പറഞ്ഞു. സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് യുവതി മരിച്ചത്. നിക്കിയുടെ ഭര്‍ത്താവ് വിപിനെ പൊലീസ് അറസ്റ്റു ചെയ്തു. വിപിന്റെ പിതാവ്, മാതാവ്, സഹോദരന്‍ എന്നിവരെ പൊലീസ് തിരയുന്നു.