Gujarat ATS: ഗുജറാത്തില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, ആയുധ വിതരണത്തിനിടെ മൂന്ന് പേര്‍ പിടിയില്‍
Gujarat ATS Arrest: ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ്, മുഹമ്മദ് സുഹേൽ, ആസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു
അഹമ്മദാബാദ്: രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തകര്‍ത്തു. ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന മൂന്നു പേരെ അറസ്റ്റു ചെയ്തു. ഇവര്‍ ആയുധങ്ങള്‍ വിതരണം ചെയ്തതായും സംശയിക്കുന്നു. ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ്, മുഹമ്മദ് സുഹേൽ, ആസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു. ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
“മൂന്ന് പ്രതികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ഇവർ ഗുജറാത്ത് എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു. ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് മൂവരും അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു”-ഗുജറാത്ത് എടിഎസ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ഇവര്‍ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണസംഘം പറയുന്നു. ഈ വര്‍ഷമാദ്യം അഞ്ച് അല്‍ ഖ്വയ്ദ് അംഗങ്ങളെ ഗുജറാത്ത് എടിഎസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ പാക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബെംഗളൂരുവിലെ ഒരു സ്ത്രീയുമുണ്ടായിരുന്നു.
അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബെംഗളൂരു സ്വദേശിനിയായ 30കാരി സമ പര്‍വീനെയാണ് എടിഎസ് കസ്റ്റഡിയിലെടുത്തത്. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാല് പേരെ ജൂലൈയില്‍ പിടികൂടിയിരുന്നു. മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷൻ അലി എന്നിവരാണ് ജൂലൈയില്‍ പിടിയിലായത്. എല്ലാ പ്രതികളും നിരീക്ഷണത്തിലായിരുന്നെന്ന് ഗുജറാത്ത് എടിഎസ് ഡിഐജി സുനിൽ ജോഷി വ്യക്തമാക്കി. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വീഡിയോ കാണാം
#WATCH | Ahmedabad, Gujarat | Gujarat ATS arrested Dr Ahmed Mohiuddin, Azad Suleman Shiekh and Mohd Suhel Salim Khan from near Adalaj Toll Plaza. Two Glock pistols, one Beretta pistol, 30 live cartridges, and 4 litres of castor oil were recovered from them
All three were… pic.twitter.com/037bf6C0cR
— ANI (@ANI) November 9, 2025