Hyderabad-Chennai Bullet train: ചെന്നൈയില്‍ നിന്നു ഹൈദരാബാദിലേക്ക് 2.20 മണിക്കൂര്‍ കൊണ്ടെത്താം; ബെംഗളൂരുവിനും കോളടിച്ചു; ബുള്ളറ്റ് ട്രെയിന്‍ എത്തുന്നു
Proposed Hyderabad-Chennai high speed rail corridor details: ചെന്നൈ-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രാസമയം രണ്ട് മണിക്കൂര്‍ 40 മിനിറ്റായി കുറയും. ബെംഗളൂരുവിനും ഗുണകരമാകുന്ന പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു

Image for representation purpose only
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്കായുള്ള സാധ്യതാ പഠനവുമായി റെയില്‍വേ. ഹൈദരാബാദ്-ചെന്നൈ റൂട്ടിലാണ് പ്രോജക്ട് നടപ്പിലാക്കുന്നത്. നിർദ്ദിഷ്ട അതിവേഗ റെയിൽ ഇടനാഴിയുടെ സാധ്യതാ പഠനം RITES നടത്തിവരികയാണ്. അലൈന്‍മെന്റ് സര്‍വേകളും, ഭൂപ്രകൃതി വിലയിരുത്തലുകളും അടങ്ങുന്നതാണ് സാധ്യതാ പഠനം. ഇതിനു ശേഷം വിശദമായ ഡിപിആര്‍ തയ്യാറാക്കും. പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഹൈദരാബാദില്‍ നിന്നും ചെന്നൈയിലേക്കും തിരിച്ചും വളരെ വേഗത്തില്‍ എത്താനാകും. നിലവിലെ 12 മണിക്കൂറില്‍ നിന്നു യാത്രാസമയം വെറും രണ്ട് മണിക്കൂര്‍ 20 മിനിറ്റായി കുറയും.
സൗത്ത് സെൻട്രൽ റെയിൽവേ വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡിപിആർ) ഉൾപ്പെടുത്തുന്നതിനായി അന്തിമ അലൈൻമെന്റ് തമിഴ്‌നാട് സർക്കാരിന് സമർപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ഒരു മാസത്തിനുള്ളിൽ ഹൈസ്പീഡ് റെയിൽ ഇടനാഴിയുടെ ഡിപിആർ അന്തിമമാക്കുമെന്ന് ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (സിയുഎംടിഎ) മെമ്പർ സെക്രട്ടറി ഐ ജയകുമാർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരു സർവേ നടത്താൻ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഓഗസ്തില്‍ അറിയിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ നാല് നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ ശൃംഖല എന്നാണ് നായിഡു പറഞ്ഞത്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നിവയാണ് ഈ നഗരങ്ങള്‍. അതായത് നിര്‍ദ്ദിഷ്ട പ്രോജക്ടുകള്‍ ബെംഗളൂരുവിനടക്കം ഏറെ ഗുണകരമാണ്.
ദക്ഷിണ മേഖലയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന രണ്ട് അതിവേഗ പാതകളില്‍ ഒന്നാണ് ചെന്നൈ-ഹൈദരാബാദ് ഇടനാഴി. മറ്റൊന്ന് ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്നതാണ്. ഇന്ത്യയുടെ അതിവേഗ റെയിൽ പാത വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ പ്രോജക്ടുകള്‍.
778 കിലോമീറ്റർ വരുന്നതാണ് ചെന്നൈ-ഹൈദരാബാദ് നിര്‍ദ്ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. തമിഴ്‌നാടിന്റെ അഭ്യർഥന പ്രകാരം ഗുഡൂരിലൂടെ പോകുന്നതിന് പകരം തിരുപ്പതിയില്‍ ഒരു സ്റ്റേഷൻ ഉൾപ്പെടുത്തുന്നതിനായി അലൈൻമെന്റ് പരിഷ്കരിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട പദ്ധതിയില്‍ തമിഴ്‌നാട്ടില്‍ രണ്ട് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. ചെന്നൈ സെന്‍ട്രല്‍, റിങ് റോഡിലെ പുതിയ സ്റ്റേഷന്‍ എന്നിവയാണിത്. പുതിയ വാണിജ്യ, മൊബിലിറ്റി ഹബുകള്‍ നിര്‍മിക്കുന്നതിന് ഓരോ സ്‌റ്റേഷനു ചുറ്റും 50 ഏക്കര്‍ സ്ഥലം റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.
അലൈൻമെന്റ്, സ്റ്റേഷൻ ലൊക്കേഷനുകൾ എന്നിവ എത്രയും വേഗം അന്തിമമാക്കണമെന്നും, ഭൂമി ഏറ്റെടുക്കുന്നതിനുള്ള അംഗീകാരം വേഗം വേണമെന്നും ആവശ്യപ്പെട്ട് സൗത്ത് സെൻട്രൽ റെയിൽവേ തമിഴ്‌നാടിന് കത്തയച്ചിരുന്നു. റെയിൽ ഇടനാഴി തമിഴ്‌നാടിന്റെ ദീർഘകാല അടിസ്ഥാന സൗകര്യ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്നും റെയില്‍വേ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.