Independence Day 2025: സ്വാതന്ത്ര്യ ദിനാഘോഷം; സുരക്ഷ ശക്തമാക്കി രാജ്യ തലസ്ഥാനം, നിർദ്ദേശങ്ങൾ ഇങ്ങനെ
Independence Day Security At Delhi: ഓഗസ്റ്റ് 16 വരെ ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കും. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രയിൽ പരിശോധനകൾ സുഗമമാക്കാൻ എല്ലാവിധ സഹകരണവും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഡിഎംആർസി അഭ്യർത്ഥിച്ചു.
ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സുരക്ഷ വർദ്ധിപ്പിച്ച് രാജ്യ തലസ്ഥാനം. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡൽഹി മെട്രോ റെയിൽവേ ഉൾപ്പെടെ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. സ്‌ക്രീനിംഗ് പ്രക്രിയ ഉൾപ്പെടെയുള്ള പരിശോധനകളാണ് നടത്തിവരുന്നത്. യാത്രക്കാർ സുരക്ഷാ മുന്നറിയിപ്പുകളോട് സഹകരിക്കണമെന്നും മെട്രോ റെയിൽവേ കോർപ്പറേഷൻ (ഡിഎംആർസി) അധികൃതർ അറിയിച്ചു.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) നേതൃത്വത്തിൽ ഓഗസ്റ്റ് 16 വരെ ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് ഡിഎംആർസി അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രയിൽ പരിശോധനകൾ സുഗമമാക്കാൻ എല്ലാവിധ സഹകരണവും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഡിഎംആർസി അഭ്യർത്ഥിച്ചു. ചില സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ ചിലരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വന്നേക്കാം, അതിനാൽ എല്ലാ യാത്രക്കാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഡിഎംആർസി ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരിശോധനകൾ നടത്തുന്നതിനുമായി ഓരോ മെട്രോ സ്റ്റേഷനിലും അധിക സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വർഷം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ഡ്രോൺ ഡിറ്റക്ഷൻ ഗ്രിഡുകൾ, സിസിടിവി എന്നിവ പോലുള്ള അധിക നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ മോണിറ്ററിംഗ് ടീമുകളും സ്‌നൈപ്പർമാരുടെയും പട്രോളിംഗ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
അർദ്ധസൈനിക ഗ്രൂപ്പുകളും പ്രത്യേക കമാൻഡോകളും ഉൾപ്പെടെ ഏകദേശം 10,000 സൈനികരെ ഇതിനകം തലസ്ഥാനത്തുടനീളം സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ, ഏകദേശം 10,000 പോലീസ് ഉദ്യോഗസ്ഥരെയും 3,000-ത്തിലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ക്രമീകരിച്ചിരിക്കുന്നു. കൂടാതെ, ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനായി 700 എഐ ക്യാമറകൾ നിരീക്ഷണത്തിലുണ്ട്.
കൂടാതെ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ഷോപ്പിംഗ് സെന്ററുകൾ, മാർക്കറ്റ് ഏരിയകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.