India Pakistan Tensions: വെടിനിർത്തലിൽ മാത്രം ധാരണ, സിന്ധു നദീജല കരാറിലെ നിലപാടിൽ മാറ്റമില്ല; റിപ്പോർട്ട്
India Pakistan Ceasefire: സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ച്ചുകൊണ്ടുള്ള രാജ്യത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ അയൽരാജ്യമായ പാകിസ്ഥാനെതിരായ നയതന്ത്ര നടപടികളിലും മാറ്റമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഉന്നതതല യോഗത്തിൽ നിന്നും
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള വെടിനിർത്തലിൽ ധാരണയായെങ്കിലും സിന്ധു നദീജല കരാറിലെ നിലപാടിൽ ഉറച്ച് ഇന്ത്യ. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ച്ചുകൊണ്ടുള്ള രാജ്യത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ അയൽരാജ്യമായ പാകിസ്ഥാനെതിരായ നയതന്ത്ര നടപടികളിലും മാറ്റമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയ്ക്കുള്ള നീക്കവുമായി മുന്നോട്ട് വന്നത് പാകിസ്ഥാനാണെന്നും, ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്നും അതിൽ യാതൊരു മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ മൂന്ന് വലിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ ചെറുത്തത് ഉൾപ്പെടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വലിയ രീതിയിൽ ചെറുത്തതായി വെടിനിർത്തലിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള ഓരോ പ്രകോപനത്തെയും ശക്തമായി നേരിടാൻ കഴിഞ്ഞിട്ടുണ്ടെന്നും ഭാവിയിൽ എന്തെങ്കിലും സംഘർഷം ഉണ്ടായാൽ ശക്തമായ രീതിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ഭാവിയിൽ ഏതെങ്കിലും തരത്തിൽ ഭീകരാക്രമണം ഉണ്ടായാൽ അതിനെ യുദ്ധമായി കണ്ട് ഇന്ത്യ തിരിച്ചടിക്കുമെന്നും അധികൃതർ അറിയിച്ചു. ലോകത്തെ ആശങ്കയിലാഴ്ത്തിയ നാല് ദിവസത്തെ സംഘർഷത്തിനാണ് ഇത്തോടെ അന്ത്യം കുറിച്ചത്. ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതോടെ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള എല്ലാ സൈനിക നടപടികളും നിർത്തിവച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വെടിനിർത്തലിന് ധാരണയായത്.