Ajit Pawar: ‘നിങ്ങളുടെ കയ്യില്‍ വോട്ടുണ്ട്, എന്റെ കയ്യില്‍ പണവും’; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി അജിത് പവാര്‍
Ajit Pawar Controversy: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഇവ നടപ്പിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പദ്ധതി ശരിയായി നടപ്പാക്കുകയും ചെയ്താല്‍ മാലേഗാവില്‍ വികസനം ഉറപ്പാക്കാന്‍ സാധിക്കും

അജിത് പവാര്‍
മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിച്ചാല്‍ മാത്രമേ വാഗ്ദാനം ചെയ്ത് ഫണ്ട് അനുവദിക്കൂവെന്ന തരത്തില്‍ അദ്ദേഹം സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാരാമതി തഹ്‌സിലിലെ മാലേഗാവ് നഗര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് റാലിലെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പവാര്‍.
കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി വികസന പദ്ധതികളുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഇവ നടപ്പിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പദ്ധതി ശരിയായി നടപ്പാക്കുകയും ചെയ്താല്‍ മാലേഗാവില്‍ വികസനം ഉറപ്പാക്കാന്‍ സാധിക്കും, അദ്ദേഹം പറഞ്ഞു.
18 എന്‍സിപി സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിച്ചാല്‍ ഫണ്ടിന് ഒരു കുറവും ഉണ്ടാകില്ലെന്ന് താന്‍ ഉറപ്പാക്കും. എല്ലാവരെയും തിരഞ്ഞെടുത്താന്‍ താന്‍ വാഗ്ദാനം ചെയ്തതെല്ലാം നിറവേറ്റും. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥികളെ വെട്ടിക്കളഞ്ഞാല്‍, താനും ഫണ്ട് വെട്ടിക്കളയും. നിങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്, ഫണ്ട് അനുവദിക്കാനുള്ള അധികാരം തനിക്കുമുണ്ട്. അതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കൂവെന്നും പവാര്‍ ഭീഷണിപ്പെടുത്തി.
അജിത് പവാറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന് പ്രതിപക്ഷം ചോദിച്ചു. സാധാരണക്കാര്‍ നല്‍കുന്ന നികുതിയില്‍ നിന്നാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കുന്നത്, അല്ലാതെ അജിത് പവാറിന്റെ വീട്ടില്‍ നിന്നല്ല. പവാറിലെ പോലുള്ള നേതാവ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്ന് ശിവസേന ഉദ്ധവ് ബാലാഷേബ് ബിടി നേതാവ് അംബാദാസ് ദാന്‍വെ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.