CM Helpline: സ്വാതന്ത്രദിനത്തിൽ കിട്ടിയത് ഒരു ലഡു മാത്രം; മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ പരാതിയുമായി യുവാവ്
CM's helpline: റോഡുകളുടെയും അഴുക്കുചാലുകളുടെയും കാര്യമടക്കം നിരവധി തവണ യുവാവ് ഇത്തരത്തിൽ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്.
ഭോപ്പാൽ: സ്വാതന്ത്രദിനത്തിൽ മറ്റുള്ളവർക്ക് രണ്ട് ലഡു കിട്ടിയപ്പോൾ തനിക്ക് ഒന്ന് മാത്രമാണ് ലഭിച്ചതെന്ന പരാതിയുമായി യുവാവ്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ കമലേഷ് ഖുഷ്വാഹയാണ് വിചിത്ര പരാതിയുമായി മുഖ്യമന്ത്രിയുടെ ഹെൽപ് ലൈനിൽ വിളിച്ചത്.
ഗ്രാമപഞ്ചായത്ത് ഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് സംഭവം. പതാക ഉയർത്തൽ ചടങ്ങിനുശേഷം, പങ്കെടുത്ത എല്ലാവർക്കും ലഡു വിതരണം ചെയ്യുകയായിരുന്നു. കമലേഷ് ഖുഷ്വാഹയുടെ ഊഴമെത്തിയപ്പോൾ, അദ്ദേഹത്തിന് ഒരു ലഡു നൽകി.
ALSO READ: മഹാരാഷ്ട്രയിൽ ഫാർമ കമ്പനിയിൽ നൈട്രജൻ ചോർച്ച; നാല് പേർക്ക് ദാരുണാന്ത്യം
രണ്ടെണ്ണം വേണമെന്ന ആവശ്യം നിരസിച്ചപ്പോൾ, അദ്ദേഹം മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. പതാക ഉയർത്തിയതിന് ശേഷം പഞ്ചായത്ത് ശരിയായി മധുരപലഹാരങ്ങൾ വിതരണം ചെയ്തില്ലെന്നും വിഷയം പരിഹരിക്കേണ്ടതുണ്ടെന്നും പരാതിയിൽ ഖുശ്വാഹ ഉന്നയിച്ചു.
അതേസമയം, കമലേഷ് സ്ഥിരം പരാതിക്കാരനാണെന്നാണ് പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പറയുന്നത്. റോഡുകളുടെയും അഴുക്കുചാലുകളുടെയും കാര്യമടക്കം നിരവധി തവണ യുവാവ് ഇത്തരത്തിൽ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാലും യുവാവിന്റെ പരാതി ഫലം കാണാതെ പോയില്ല. ഒരു കിലോ ലഡു വാങ്ങി പരാതിക്കാരന് നൽകാനാണ് പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു. എന്നാൽ കമലേഷ് ഇത് സ്വീകരിച്ചില്ല.