MGNREGA: തൊഴിലുറപ്പ് പണിയുടെ കൂലി കുറയും? ആശങ്കയുയർത്തി പുത്തൻ മാറ്റം
പദ്ധതിയുടെ പേര് മാറ്റി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വിബി– ജി റാം ജി) എന്നാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേരളത്തിൽ തൊഴിലുറപ്പിൽ പങ്കാളിയാകാളായവരിൽ അധികവും 50 വയസ്സിന് മുകളിലുള്ളവരാണ്.

MGNREGA
തൊഴിലുറപ്പ് പദ്ധതി ഇനി ഇല്ലേ, ദിവസങ്ങൾ കുറയ്ക്കുമോ, കൂലി കുറയുമോ തുടങ്ങി നിരവധി സംശയങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുന്നുവെന്ന് കേട്ടത് മുതൽ ഓരോരുത്തരുടെയും മനസിൽ. പദ്ധതിയുടെ പേര് മാറ്റി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വിബി– ജി റാം ജി) എന്നാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ.
ആശങ്കകൾക്ക് കാരണം
തൊഴിലുറപ്പ് വേതനത്തിന്റെ നാല്പത് ശതമാനം സംസ്ഥാനം വഹിക്കേണ്ടി വരുമെന്നതാണ് ആശങ്കയുടെ പ്രധാന കാരണം. 40% സംസ്ഥാന സർക്കാരിനു വഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിൽദിനം വെട്ടിച്ചുരുക്കുമോ, കൂലി ലഭികാതെ വരുമോ എന്ന സംശയങ്ങളാണുള്ളത്.
4000 കോടി രൂപയാണ് പദ്ധതി വിഹിതമായി കേരളത്തിന് ലഭിക്കുന്നത്. ഇതിന്റെ 40% ഇനി സംസ്ഥാനം കണ്ടെത്തണം. അതായത്, 1600 കോടി രൂപ കേരളത്തിന് കണ്ടെത്താനായില്ലെങ്കിൽ തൊഴിൽദിനം കുറയ്ക്കാനോ കൂലി കുടിശികയാക്കാനോ സാധ്യതയുണ്ട്.
വിബി– ജി റാം ജി പ്രകാരം തൊഴിൽദിനം 100ൽ നിന്ന് 125 ആകുമെന്നാണ് പറയുന്നത്. എന്നാൽ കണ്ണൂർ പോലുള്ള ജില്ലകളിൽ 2025ലെ ശരാശരി തൊഴിൽദിനം 42 ആണ്. 2024ൽ 100 തൊഴിൽദിനം ഉണ്ടായിരുന്നെങ്കിൽ ഈ വർഷം പകുതിപോലും ലഭിച്ചില്ല.
കേരളത്തിൽ തൊഴിലുറപ്പിൽ പങ്കാളിയാകാളായവരിൽ അധികവും 50 വയസ്സിന് മുകളിലുള്ളവരാണ്. ഇതിൽ തന്നെ മറ്റൊരു വരുമാനവും ഇല്ലാത്തവരാണ് ഭൂരിഭാഗവും. അവരെ സംബന്ധിച്ചിടത്തോളം തൊഴിലുറപ്പിലൂടെ ലഭിക്കുന്ന കൂലി വലിയൊരു ആശ്വാസമാണ്. അതുകൊണ്ട് തന്നെ അടുത്ത വർഷം മുതൽ പദ്ധതിയിൽ എന്ത് സംഭവിക്കുമെന്ന് ഓരോ തൊഴിലാളികളും ഉറ്റുനോക്കുകയാണ്.