Viral News: ജീവിച്ചിരുന്നകാലത്ത് പൊന്നുപോലെ നോക്കിയ മനുഷ്യന്‍; അന്ത്യചുംബനം നല്‍കാന്‍ ഓടിയെത്തി കുരങ്ങ്
Monkey attends funeral: കുരങ്ങുകളുള്‍പ്പെടെയുള്ള മൃഗങ്ങളെ മുന്ന സിങ് നന്നായി പരിപാലിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൃത്യമായി മൃഗങ്ങള്‍ക്ക് അദ്ദേഹം ആഹാരവും എത്തിക്കുമായിരുന്നു. തങ്ങളെ ജീവനെ പോലെ നോക്കിയ ആ വലിയ മനുഷ്യനെ ഒരു ചുംബനത്തിലൂടെ നന്ദി അറിയിക്കാന്‍ എത്തിയതായിരുന്നു ആ കുരങ്ങ്

പ്രതീകാത്മക ചിത്രം
അവസാനമായി ഒന്നു കാണണം. അന്ത്യചുംബനം നല്‍കണം. ജീവിച്ചിരുന്ന കാലത്ത് തങ്ങളെ പൊന്നുപോലെ നോക്കിയ മനുഷ്യന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു കുരങ്ങ് എത്തിയത് ഈ രണ്ടേ രണ്ട് കാര്യങ്ങള്‍ക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ രംഗങ്ങള്‍ അല്‍പം ഹൃദയവേദനയോടെയല്ലാതെ കണ്ടുതീര്‍ക്കാനാകില്ല. ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ബ്രാംസോളി ഗ്രാമത്തില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പലരുടെയും മനം കവരുന്നത്. പ്രദേശവാസിയായ മുന്ന സിങിന്റെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കാന്‍ തുടങ്ങിയ സമയം. പെട്ടെന്ന് എവിടെ നിന്നോ ഒരു കുരങ്ങെത്തി. ഗ്രാമവാസികള്‍ സ്തബ്ധരായി. അവര്‍ ആശ്ചര്യത്തോടെ ചുറ്റും നോക്കി.
എന്നാല്‍ മുന്ന സിങിന്റെ മൃതദേഹത്തിന് തൊട്ടടുത്തായി ആ കുരങ്ങ് ഇരിപ്പുറപ്പിച്ചു. പിന്നെയായിരുന്നു ആ കരളലിയിക്കുന്ന കാഴ്ച. മുന്നയുടെ മുഖത്തിന് തൊട്ടരികിലെത്തിയ കുരങ്ങ് അദ്ദേഹത്തിന് അന്ത്യചുംബനം നല്‍കി. കണ്ടുനിന്നവരുടെ കണ്ണുകളിടറി. ചുറ്റുമുണ്ടായിരുന്നവര്‍ മൊബൈലുകളില്‍ ഈ ദൃശ്യം പകര്‍ത്തി. അധികം വൈകാതെ തന്നെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.
ജീവിച്ചിരുന്ന കാലത്ത് കുരങ്ങുകളുള്‍പ്പെടെയുള്ള മൃഗങ്ങളെ മുന്ന സിങ് നന്നായി പരിപാലിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൃത്യമായി മൃഗങ്ങള്‍ക്ക് അദ്ദേഹം ആഹാരവും എത്തിക്കുമായിരുന്നു. തങ്ങളെ ജീവനെ പോലെ നോക്കിയ ആ വലിയ മനുഷ്യനെ ഒരു ചുംബനത്തിലൂടെ നന്ദി അറിയിക്കാന്‍ എത്തിയതായിരുന്നു ആ കുരങ്ങ്.
Read Also: Global Warming: കാഠ്മണ്ഡുവിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം: ആഗോള താപനത്തിൻ്റെ അപായസൂചനയോ?
മൃഗങ്ങളെ അകാരണമായി മനുഷ്യന്‍ കൊന്നൊടുക്കിയ വാര്‍ത്തകള്‍ സമീപകാലത്ത് നാം കേട്ടിട്ടുണ്ട്. അത്തരം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് മനുഷ്യ മൃഗ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളായ ഇത്തരം സംഭവങ്ങളും പുറത്തെത്തുന്നത്. ഭക്തിയുടെ അളവുകോലിലാണ് ചിലര്‍ ഈ സംഭവത്തെ വീക്ഷിച്ചത്. ഹനുമാന്‍ സ്വാമിയുടെ സന്ദേശവാഹകനാണ് ഈ കുരങ്ങെന്നായിരുന്നു ചിലരുടെ അഭിപ്രായം.