Namma Metro: നമ്മ മെട്രോയേക്കാള്‍ വേഗത? ബെംഗളൂരുവില്‍ സര്‍വീസിനൊരുങ്ങി എസി ബസുകള്‍
Bangalore Public Transport Update: മഡവറയില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് എത്തുന്നതിന് ഈ ബസുകള്‍ക്ക് ഏകദേശം 1 മണിക്കൂര്‍ 30 മിനിറ്റ് മാത്രമേ വണ്ടിവരികയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. നമ്മ മെട്രോയെ അപേക്ഷിച്ച് ഈ സമയം വളരെ കുറവാണ്.

നമ്മ മെട്രോ
ബെംഗളൂരു: നമ്മ മെട്രോയെ പിന്നിലാക്കാന്‍ ബെംഗളൂരുവില്‍ എസി ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി). മഡവറയില്‍ നിന്ന് നൈസ് റോഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്ക് ആരംഭിച്ച സര്‍വീസ് വിജയമായതിന് പിന്നാലെയാണ് പുതിയ നീക്കം. 45 കിലോമീറ്റര്‍ റൂട്ടില്‍ 30 മിനിറ്റ് ഇടവേളയില്‍ എസി ബസുകള്‍ നിരത്തിലിറക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്.
മഡവറയില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് എത്തുന്നതിന് ഈ ബസുകള്‍ക്ക് ഏകദേശം 1 മണിക്കൂര്‍ 30 മിനിറ്റ് മാത്രമേ വണ്ടിവരികയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. നമ്മ മെട്രോയെ അപേക്ഷിച്ച് ഈ സമയം വളരെ കുറവാണ്. മെട്രോ യാത്രക്കാര്‍ക്ക് രണ്ട് ലൈനുകള്‍ മാറി മഡവറയില്‍ നിന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ കൊണപ്പന അഗ്രഹാരയിലേക്ക് 37 സ്റ്റേഷനുകള്‍ സഞ്ചരിക്കേണ്ടതുണ്ട്.
30 മിനിറ്റ് ഇടവേളയില്‍ എസി ബസുകള്‍ സര്‍വീസ് നടത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. മെട്രോ റെയിലിനേക്കാള്‍ വേഗത്തില്‍ ഈ ബസുകള്‍ ഇലക്ട്രോണിക് സിറ്റിയിലെത്തിച്ചേരും. ആര്‍വി റോഡില്‍, മെട്രോ യാത്രക്കാര്‍ ലൈനുകള്‍ മാറേണ്ടതുണ്ട്. യെല്ലോ ലൈനില്‍ തിരക്കേറുമ്പോള്‍ ഓരോ 15 മിനിറ്റിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഇന്റര്‍ചേഞ്ചിന് ഒരുപാട് സമയമെടുക്കും. എന്നാല്‍ ബിഎംടിസി ഒരിക്കലും നമ്മ മെട്രോയുമായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ടോള്‍ പ്ലാസയില്‍ നിന്ന് പുറപ്പെട്ട് മാഗഡി റോഡ്, മൈസൂരു റോഡ്, മറ്റ് സ്ഥലങ്ങളില്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് നൈസ് റോഡില്‍ പ്രവേശിക്കും. ഇത് വലിയൊരു വിഭാഗം യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വമ്പന്‍ പ്രഖ്യാപനം നടത്തി ബിഎംആര്‍സിഎല്‍
നിരക്കുകള്‍ ഇങ്ങനെ
മഡവറയില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് 110 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ യാത്രയ്ക്ക് മെട്രോ ഈടാക്കുന്നത് 90 രൂപയാണ്. രാവിലെ 6.30 മുതല്‍ വൈകീട്ട് 7.30 വരെ എസി ബസുകള്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് പ്രതിമാസ പാസുകള്‍ അവതരിപ്പിക്കാനും ബിഎംടിസി പദ്ധതിയിടുന്നുണ്ട്. ഏഴ് ബസുകളായിരിക്കും തുടക്കത്തില്‍ നിരത്തിലെത്തുക.