Nipah virus in India: രാജ്യത്ത് വീണ്ടും നിപ പ്രതിസന്ധി, 120 പേർ ഐസൊലേഷനിൽ, രോഗം ബാധിച്ച നഴ്സ് കോമയിൽ
Nipah virus in west bengal: കേരളത്തിൽ 2018 മുതൽ പലപ്പോഴായി ഈ രോഗം പടർന്നിട്ടുണ്ട്. പനി, ശക്തമായ തലവേദന, ശ്വാസതടസ്സം, ചുമ, തൊണ്ടവേദന, ക്ഷീണം, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ അപസ്മാരം, സ്ഥലകാല ബോധമില്ലായ്മ, ബോധക്ഷയം. എന്നിവയും സംഭവിക്കാം.

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിപ വൈറസ് ഭീതി പടരുന്നു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച നഴ്സിനെ പരിചരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് കൂടി നിപ ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രോഗം ബാധിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, കുടുംബാംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരുൾപ്പെടെ 120-ഓളം പേരെ കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച നഴ്സുമാരെ കൊൽക്കത്തയിലെ ബെലിയാഗട്ട ഇൻഫെക്ഷ്യസ് ഡിസീസ് (ID) ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിൽ കഴിയുന്നവരിൽ ഒരാൾ നിലവിൽ കോമ അവസ്ഥയിലാണ്.
സംസ്ഥാനം നിപയെ നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് ബംഗാൾ ആരോഗ്യ സെക്രട്ടറി സ്വരൂപ് നിഗം അറിയിച്ചു. സർക്കാർ നിർദേശിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് ആശുപത്രികളുടെ പ്രവർത്തനം. കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകൾ സംയുക്തമായി കടുത്ത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read:ബെംഗളൂരുവില്‍ മെട്രോ യാത്ര ഇനി കൂടുതല്‍ എളുപ്പം; കൗണ്ടറുകളില്‍ ക്യൂ നില്‍ക്കേണ്ട, രൂപയും ലാഭിക്കാം
നോർത്ത് 24 പർഗാനാസിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവിടത്തെ ഒരു ജീവനക്കാരൻ ആഴ്ചകൾക്ക് മുമ്പ് സമാന ലക്ഷണങ്ങളോടെ മരിച്ചത് രോഗത്തിന്റെ ഉറവിടമാകാം എന്ന് സംശയിക്കുന്നു.
ചരിത്രവും ലക്ഷണങ്ങളും
1998-ൽ മലേഷ്യയിൽ ആദ്യമായി കണ്ടെത്തിയ നിപ, 2001-ലാണ് ഇന്ത്യയിൽ (ബംഗാളിലെ സിലിഗുരിയിൽ) ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 2018 മുതൽ പലപ്പോഴായി ഈ രോഗം പടർന്നിട്ടുണ്ട്. പനി, ശക്തമായ തലവേദന, ശ്വാസതടസ്സം, ചുമ, തൊണ്ടവേദന, ക്ഷീണം, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ അപസ്മാരം, സ്ഥലകാല ബോധമില്ലായ്മ, ബോധക്ഷയം. എന്നിവയും സംഭവിക്കാം.
വവ്വാലുകൾ, പന്നികൾ എന്നിവയിൽ നിന്ന് നേരിട്ടോ അവ കടിച്ചുപേക്ഷിച്ച പഴങ്ങളിലൂടെയോ രോഗം പകരാം. രോഗബാധിതരായ വ്യക്തികളുടെ സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.