Operation Sindoor: ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍, കോണ്‍ഗ്രസ് നേതാവിനും പങ്ക്?
സകുര്‍ ഖാന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ബന്ധമുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇക്കാര്യവും സംഘം അന്വേഷിക്കും. രാഷ്ട്രീയ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടില്ല.

പ്രതീകാത്മക ചിത്രം
ജയ്‌സാല്‍മീര്‍: ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സംസ്ഥാന തൊഴില്‍ വകുപ്പ് ജീവനക്കാരനായ സകുര്‍ ഖാന്‍ മംഗലിയാറാണ് അറസ്റ്റിലായത്. ജയ്‌സാല്‍മീറിലെ ഓഫീസില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
സകുര്‍ ഖാന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ബന്ധമുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇക്കാര്യവും സംഘം അന്വേഷിക്കും. രാഷ്ട്രീയ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടില്ല.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മംഗലിയാര്‍ കോണ്‍ഗ്രസ് നേതാവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മംഗലിയാര്‍ കഴിഞ്ഞ കുറേനാളുകളായി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഒന്നിലധികം പാകിസ്ഥാന്‍ നമ്പറുകളിലേക്ക് കോളുകള്‍ പോയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ കുറച്ച് നാളുകളായി ഏഴ് തവണയെങ്കിലും ഇയാള്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്.
മംഗലിയാറിന്റെ ഫോണില്‍ നിന്നും സൈന്യവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കണ്ടെത്തി. എന്നാല്‍ നിരവധി ഫയലുകള്‍ ഇല്ലാതാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മംഗലിയാറിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. ഇയാള്‍ക്ക് പാകിസ്ഥാന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.