Operation Sindoor: പാകിസ്ഥാനുള്ളിൽ കടന്നും ആക്രമണം, അവരുടെ 10 യുദ്ധവിമാനങ്ങൾ തകർത്തു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേനാ മേധാവി
Air Chief Marshal A.P. Singh About Operation Sindoor: ഓപ്പറേഷൻ സിന്ദൂറിനിടെ ദീർഘദൂര സർഫേസ് ടു എയർ മിസൈലുകളുടെ നിർണായക പങ്ക് ലോകം കണ്ടു. പാക്കിസ്ഥാന്റെ തിരിച്ചുള്ള ആക്രമണത്തിൽ ഇന്ത്യയ്ക്ക് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

Indian Air Force Chief Air Chief Marshal Amar Preet Singh
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) കൃത്യത കൊണ്ടും പ്രഹരശേഷി കൊണ്ടും ചരിത്രത്തിന്റെ ഭാഗമായ ആക്രമണമായിരുന്നുവെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് വ്യക്തമാക്കി. സാധാരണക്കാരെ കൊലപ്പെടുത്തിയതിന്റെ വില തീവ്രവാദികൾക്ക് നൽകേണ്ടിവന്ന ഈ ആക്രമണത്തിൽ, ഇന്ത്യ പാകിസ്ഥാന്റെ 300 കിലോമീറ്റർ ഉള്ളിൽ വരെ കടന്നുകയറി ലക്ഷ്യങ്ങൾ തകർത്തു.
പ്രധാന വിവരങ്ങൾ
പാക്കിസ്ഥാന്റെ എഫ്–16, എഫ്–17 ഉൾപ്പെടെ 10 യുദ്ധവിമാനങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാന്റെ 300 കിലോമീറ്റർ ഉള്ളിലുള്ള ലക്ഷ്യങ്ങൾ കൃത്യതയോടെ തകർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇത് പാക് വ്യോമസേനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
Also Read:വീടിന്‍റെ ഓടിളക്കി അകത്ത് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
ഓപ്പറേഷൻ സിന്ദൂറിനിടെ ദീർഘദൂര സർഫേസ് ടു എയർ മിസൈലുകളുടെ നിർണായക പങ്ക് ലോകം കണ്ടു. പാകിസ്ഥാന്റെ തിരിച്ചുള്ള ആക്രമണത്തിൽ ഇന്ത്യയ്ക്ക് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഒറ്റ ദിവസം കൊണ്ട് പാകിസ്ഥാനെ മുട്ടിൽ നിർത്തി, അവർ ഇന്ത്യയോട് വെടിനിർത്തലിന് അഭ്യർഥിക്കുകയായിരുന്നു എന്നും വ്യോമസേനാ മേധാവി പറഞ്ഞു.
പാക് വ്യോമകേന്ദ്രങ്ങളിലെ നാശനഷ്ടങ്ങൾ
ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്ഥാന്റെ വാദം അവരുടെ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് എ.പി.സിങ് കൂട്ടിച്ചേർത്തു. ആക്രമണത്തിൽ തകർത്ത പ്രധാന പാക് കേന്ദ്രങ്ങളിൽ നാല് കേന്ദ്രങ്ങളിലെ റഡാറുകൾ, രണ്ട് കേന്ദ്രങ്ങളിലെ കമാൻഡ് സെന്ററുകൾ, രണ്ട് കേന്ദ്രങ്ങളിലെ റൺവേകൾ, മൂന്ന് കേന്ദ്രങ്ങളിലെ യുദ്ധവിമാന ഹാങ്ങറുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഒരു സി–130 വിമാനം, എഫ്–16 ഉൾപ്പെടെ ഹാങ്ങറിലെ നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ എന്നിവയും തകർത്തിട്ടുണ്ട്.
ഇതോടൊപ്പം അവരുടെ വ്യോമപ്രതിരോധ സംവിധാനവും തകർത്തു. സ്വന്തം അതിർത്തിക്കുള്ളിൽ നിശ്ചിത ദൂരപരിധിക്കുള്ളിൽ പോലും പ്രവർത്തിക്കാൻ കഴിയില്ലെന്ന് പാക്കിസ്ഥാന് വ്യക്തമായിട്ടുണ്ടെന്നും വ്യോമസേന മേധാവി പറഞ്ഞു.