Voter Adhikar Yatra: രാഹുൽ ഗാന്ധിയുടെ 16 ദിവസത്തെ വോട്ടർ അധികാർ യാത്ര ഇന്ന് മുതൽ; ഒപ്പം തേജസ്വി യാദവും
Rahul Gandhi Voter Adhikar Yatra: രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക വാർത്താ സമ്മേളനവും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ എന്ത് മറുപടി നൽകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്ന പ്രധാന കാര്യം. വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണവും നിർണ്ണായകമാണ്.

Rahul Gandhi
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് (Voter Adhikar Yatra) ഇന്ന് മുതൽ തുടക്കം. ബിഹാറിലെ സസാറാമിൽ നിന്നാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും യാത്രയിൽ പങ്കുചേരും. 16 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാകാനാണ് യാത്ര ലക്ഷ്യമിടുന്നത്. സെപ്റ്റംബർ ഒന്നിന് പാറ്റ്നയിലാണ് സമാപനം.
അതേസമയം, രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക വാർത്താ സമ്മേളനവും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ എന്ത് മറുപടി നൽകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്ന പ്രധാന കാര്യം. വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണവും നിർണ്ണായകമാണ്.
ഇന്ത്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മാർച്ചിൽ മുതിർന്ന ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കളും പങ്കെടുക്കും. ബിഹാറിലുടനീളമുള്ള നിർണായക മണ്ഡലങ്ങൾ സന്ദർശിച്ച്, വോട്ടവകാശ ലംഘന ആരോപണങ്ങൾ ഏറ്റവും ഗുരുതരമായ പ്രദേശങ്ങളിൽ പൊതുജനപിന്തുണ നേടുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
ഈ മാസം ഏഴാം തീയതിയാണ് വോട്ട് അവകാശ ലംഘനവുമായുള്ള ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ തെളിവുകളെല്ലാം കൈയിലുണ്ടെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധി പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടു നൽകുന്നില്ല എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണങ്ങളോട് പ്രതികരിച്ചത്.