Putin India Visit: പുടിന് ഭഗവദ് ഗീത നല്‍കി മോദി, അത്താഴ വിരുന്നും ഗംഭീരം; ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍
Vladimir Putin India Visit: വ്‌ളാദിമിര്‍ പുടിന് ഭഗവദ്ഗീതയുടെ റഷ്യന്‍ പകര്‍പ്പ് നല്‍കി നരേന്ദ്ര മോദി. ലോകമെമ്പാടുമുള്ള ദശലക്ഷണക്കിന് ആളുകള്‍ക്ക് ഗീത പ്രചോദനം നല്‍കുന്നുവെന്ന് മോദി

Narendra Modi, Vladimir Putin
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് ഭഗവദ്ഗീതയുടെ റഷ്യന്‍ പകര്‍പ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടുമുള്ള ദശലക്ഷണക്കിന് ആളുകള്‍ക്ക് ഗീത പ്രചോദനം നല്‍കുന്നുവെന്ന് മോദി പറഞ്ഞു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പുടിന്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെത്തിയത്. റഷ്യന്‍ പ്രസിഡന്റിന് ഔദ്യോഗിക വസതിയില്‍ മോദി അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ പുടിനെ മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇരുവരും ഒരു കാറില്‍ യാത്ര ചെയ്തു.
ഇന്ന് സുപ്രധാന ചര്‍ച്ചകള്‍ നടക്കും. വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും. ഹൈദരാബാദ് ഹൗസിൽ ഇരു നേതാക്കളും ചർച്ചകൾ നടത്തും.
ഇന്ന് രാവിലെ 11ന് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന സ്വീകരണത്തിൽ പുടിൻ പങ്കെടുത്തേക്കും. രാവിലെ 11:30 ന് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പുടിന്‍ രാജ്ഘട്ടിലേക്ക് പോകും. തുടര്‍ന്ന് അദ്ദേഹം ഹൈദരാബാദ് ഹൗസിൽ എത്തും. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും.
Presented a copy of the Gita in Russian to President Putin. The teachings of the Gita give inspiration to millions across the world.@KremlinRussia_E pic.twitter.com/D2zczJXkU2
— Narendra Modi (@narendramodi) December 4, 2025
പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിലും വ്യാപാര, ഊർജ്ജ സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് Su-57 യുദ്ധവിമാനങ്ങൾ റഷ്യ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള സാധ്യതയെക്കുറിച്ച് ക്രെംലിൻ വക്താവ് സൂചന നൽകിയിരുന്നതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉച്ചയ്ക്ക് 1:50 ന് പത്രക്കുറിപ്പുകൾ പുറത്തിറക്കും. രാത്രി 9 മണിയോടെ റഷ്യൻ പ്രസിഡന്റ് മോസ്കോയിലേക്ക് പോകും.
2021 ഡിസംബർ 6-നാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. നാല് വർഷത്തിനിടെ പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബർ 1 ന് ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്‌സിഒ ഹെഡ്സ് ഓഫ് സ്റ്റേറ്റ് കൗൺസിൽ യോഗത്തോടനുബന്ധിച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.