Narendra Modi: 75-ാം ജന്മദിനത്തിലും കര്‍മ്മനിരതന്‍, വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ മോദി ഇന്ന് മധ്യപ്രദേശില്‍
Narendra Modi will arrive in Madhya Pradesh today, his 75th birthday: ജന്മദിനത്തിലും തിരക്കിലാണ് മോദി. ഇന്ന് മധ്യപ്രദേശിലെത്തുന്ന അദ്ദേഹം അവിടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യം, പോഷകാഹാരം, ആദിവാസി ക്ഷേമം, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം. ജന്മദിനത്തിലും തിരക്കിലാണ് മോദി. ഇന്ന് മധ്യപ്രദേശിലെത്തുന്ന അദ്ദേഹം അവിടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യം, പോഷകാഹാരം, ആദിവാസി ക്ഷേമം, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ കാമ്പെയ്‌നുകൾ അദ്ദേഹം ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണപരിപാടിയാണ് സ്വസ്ത് നാരി സശക്ത് പരിവാർ. ഈ പ്രത്യേക കാമ്പെയ്ന്‍ രാജ്യമെമ്പാടും സംഘടിപ്പിക്കും.
ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ സൗകര്യങ്ങൾ എന്നിവിടങ്ങളിൽ ഈ കാമ്പെയ്‌നുകളിലൂടെ ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയാകും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
സിക്കിൾ സെൽ അനീമിയയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മധ്യപ്രദേശിൽ ഒരു കോടി സിക്കിൾ സെൽ സ്‌ക്രീനിംഗും കൗൺസിലിംഗ് കാർഡുകളും വിതരണം ചെയ്യും. ഗർഭിണികൾക്ക് മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിനായി ‘സുമൻ സഖി ചാറ്റ്ബോട്ട്’ മോദി ലോഞ്ച് ചെയ്യും.
ആദി കർമ്മയോഗി അഭിയാൻ പദ്ധതി പ്രകാരം ഗോത്ര മേഖലകളിൽ ‘ആദി സേവാ പർവ്’ മോദി ഉദ്ഘാടനം നിര്‍വഹിക്കും. ഗോത്ര മേഖലകളിലെ രോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഎം മിത്ര പാർക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ധാറിൽ 2,150 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് പിഎം മിത്ര പാര്‍ക്ക്. സൗരോർജ്ജ പ്ലാന്റ്, പൊതു മാലിന്യ സംസ്കരണ സൗകര്യം, ആധുനിക റോഡുകൾ തുടങ്ങിയവ ഈ പാര്‍ക്കിലുണ്ടാകും.