Rahul Gandhi: വോട്ടുകളില്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നു; വോട്ടുകൊള്ളയ്ക്ക് സഹായം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍: രാഹുല്‍ ഗാന്ധി
Election Commission Controversy: വോട്ടുകൊള്ളയില്‍ 100 ശതമാനം തെളിവും കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ ആലന്ദ് നിയോജക മണ്ഡലത്തെ ഉദാഹരണമായെടുക്കാം. ഇവിടെ 6,018 പേരുടെ വോട്ടുകള്‍ ആരോ ഇല്ലാതാക്കാന്‍ ശ്രമിച്ചു.

രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. വോട്ടുകൊള്ള നടത്തുന്നവരെ കമ്മീഷണര്‍ സഹായിക്കുകയാണെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചു.
വോട്ടുകൊള്ളയില്‍ 100 ശതമാനം തെളിവും കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ ആലന്ദ് നിയോജക മണ്ഡലത്തെ ഉദാഹരണമായെടുക്കാം. ഇവിടെ 6,018 പേരുടെ വോട്ടുകള്‍ ആരോ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആലന്ദില്‍ ഇല്ലാതാക്കിയ ആകെ വോട്ടുകള്‍ ഞങ്ങള്‍ക്കറിയില്ല. അത് ചിലപ്പോള്‍ 6,018 നേക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ അത് ചെയ്തയാള്‍ പിടിക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി വിജയിക്കുന്ന ബൂത്തുകളെ ലക്ഷ്യം വെച്ചാണ് ഈ ഇല്ലാതാക്കല്‍ ശ്രമം നടന്നത്. ഗോദാബായി എന്ന സ്ത്രിയുടെ പേരില്‍ വ്യാജ വിവരങ്ങള്‍ സൃഷ്ടിച്ച് 12 വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗോദാബായി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും എംപി ആരോപിച്ചു.
വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ കര്‍ണാടകയില്‍ നിന്നുള്ളതല്ല. മറ്റ് സംസ്ഥാനങ്ങളിലേതാണെന്ന് പറഞ്ഞ രാഹുല്‍ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിച്ചു. വോട്ട് കൊള്ള നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ണാടക സിഐഡി കത്ത് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇപ്പോള്‍ നടത്തുന്ന വാര്‍ത്താ സമ്മേളനം ഹൈഡ്രജന്‍ ബോംബ് അല്ലെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ വെളിപ്പെടുത്തല്‍ ആരംഭിച്ചത്. അത് വരാനിരിക്കുന്നതേ ഉള്ളൂവെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് അട്ടിമറിക്കുന്നതെന്ന് കാണിച്ചുകൊടുക്കാനുള്ള നാഴികകല്ലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.