Republic Day 2026: പാരമ്പര്യത്തിൻ്റെ തലപ്പാവണിഞ്ഞ് മോദി; കർത്തവ്യപഥിലെ ശ്രദ്ധാകേന്ദ്രം പ്രധാനമന്ത്രിയുടെ ലുക്ക്
PM Narendra Modi At Republic Day Celebration: ആഘോഷങ്ങൾക്ക് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീരമൃത്യു വരിച്ച ജവാന്മാർക്ക് പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം സല്യൂട്ടിങ് ഡെയ്‌സിലേക്ക് അദ്ദേഹം എത്തിയതോടെ കർത്തവ്യ പഥിൽ 90 മിനിറ്റ് നീണ്ടുനിന്ന പ്രൗഢമായ പരേഡിന് തുടക്കമായി.

PM Narendra Modi
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യതലസ്ഥാനത്ത് പൊടിപൊടിക്കുകയാണ്. അതേസമയം കർത്തവ്യപഥിലെ വർണ്ണക്കാഴ്ചകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷവിധാനം ശ്രദ്ധേയമാകുന്നു. തന്റെ പതിവ് ശൈലിയിൽ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് രാജസ്ഥാനി ശൈലിയിലുള്ള ‘ബന്ധേജി’ തലപ്പാവണിഞ്ഞാണ് അദ്ദേഹം ഇത്തവണ ആഘോഷ വേദിയിലേക്ക് എത്തിയത്.
കടും ചുവപ്പും മഞ്ഞയും പച്ചയും ഇഴചേർന്ന വർണ്ണാഭമായ രാജസ്ഥാനി തലപ്പാവിൽ തിളങ്ങി നിൽക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ കേവലം ഒരു വേഷവിധാനത്തിനപ്പുറം, ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതീകമായി മോദിയുടെ ഈ ‘സഫ’ മാറിയിരിക്കുകയാണ്.
ALSO READ: ഇന്ദ്രപ്രസ്ഥത്തില്‍ വിസ്മയക്കാഴ്ചകള്‍; ആഘോഷ നിറവില്‍ രാജ്യം
ഓരോ ദേശീയ ആഘോഷങ്ങളിലും പ്രാദേശിക സംസ്കാരങ്ങളെ ചേർത്തുപിടിക്കുന്ന പ്രധാനമന്ത്രിയുടെ പതിവ് ഇത്തവണയും തെറ്റിയില്ല. സ്വർണ്ണവർണ്ണത്തിലുള്ള ‘സരി’ ഡിസൈനുകൾ ആലേഖനം ചെയ്ത ഈ തലപ്പാവ്, രാജ്യത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ വിളിച്ചോതുന്നതാണ്. കർത്തവ്യ പഥിലെ ആഘോഷവേളയിൽ തലപ്പാവിനൊപ്പം നേവി-വൈറ്റ് കുർത്തയും പൈജാമയും ഇളംനീല നിറത്തിലുള്ള നെഹ്‌റു ജാക്കറ്റും ചേരുന്നതാണ് മോദിയുടെ വേഷം.
ആഘോഷങ്ങൾക്ക് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീരമൃത്യു വരിച്ച ജവാന്മാർക്ക് പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം സല്യൂട്ടിങ് ഡെയ്‌സിലേക്ക് അദ്ദേഹം എത്തിയതോടെ കർത്തവ്യ പഥിൽ 90 മിനിറ്റ് നീണ്ടുനിന്ന പ്രൗഢമായ പരേഡിന് തുടക്കമായി.
ഇന്ത്യയുടെ സൈനിക മികവും സാംസ്കാരിക തനിമയും ലോകത്തിന് മുന്നിൽ അനാവരണം ചെയ്തുകൊണ്ടാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് കടന്നുപോയത്. പുതുതായി രൂപീകരിച്ച സൈനിക യൂണിറ്റുകളുടെ കരുത്തുറ്റ ചുവടുവെപ്പുകളും ‘ഓപ്പറേഷൻ സിന്ദൂരിലെ’ അത്യാധുനിക ആയുധ സംവിധാനങ്ങളും കർത്തവ്യപഥിൽ എത്തിയ ജനകൂട്ടത്തിന് വിസ്മയമായി. രാജ്യത്തിന്റെ വികസന നേട്ടങ്ങൾ വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ മാറ്റ് കൂട്ടി.