Shashi Tharoor: ‘ഭീകരതയ്ക്ക് ഇരകളായവരോട് സഹതാപം പ്രകടിപ്പിക്കാമായിരുന്നു’; കൊളംബിയയുടെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ
Shashi Tharoor Disappointed by Colombia’s Condolences to Pakistan: കൊളംബിയ നിരവധി ഭീകരാക്രമണങ്ങളെ അതിജീവിച്ചതുപോലെ ഇന്ത്യയും അതിജീവിച്ചിട്ടുണ്ടെന്ന് പറഞ്ഞ തരൂർ, ഇതേക്കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.

ശശി തരൂർ
ബൊഗോത്ത: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാകിസ്ഥാനിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഭീകരതയ്ക്ക് ഇരകളായവരോട് കൊളംബിയക്ക് സഹതാപം പ്രകടിപ്പിക്കാമായിരുന്നു എന്ന് തരൂർ പറഞ്ഞു. ഭീകരരെ അയക്കുന്നവർക്കും, സ്വന്തം സംരക്ഷണത്തിനായി പ്രതികരിക്കുന്നവർക്കും തമ്മിൽ തുല്യത കൽപ്പിക്കാൻ ആവില്ലെന്നും തരൂർ വ്യക്തമാക്കി.
സാധാരണക്കാരായ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാൻ ഇടയായ പഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്നതിന് ഇന്ത്യയുടെ പക്കൽ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും, സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ശശി തരൂർ പറഞ്ഞു. കൊളംബിയ നിരവധി ഭീകരാക്രമണങ്ങളെ അതിജീവിച്ചതുപോലെ ഇന്ത്യയും അതിജീവിച്ചിട്ടുണ്ടെന്ന് പറഞ്ഞ തരൂർ, ഇതേക്കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരാക്രമണങ്ങളിൽ നിന്ന് അതിജീവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം ഒരു മാന്യമായ വാക്കാണ്. എന്നാൽ, പാകിസ്‌താന്റെ സൈനിക ഉപകരണങ്ങളിൽ പ്രതിരോധത്തിന് വേണ്ടിയുള്ളതിനേക്കാളും കൂടുതൽ ആക്രമണത്തിന് വേണ്ടിയുള്ളതാണ്. ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണങ്ങളോടാണ് തങ്ങൾക്ക് എതിർപ്പുള്ളതെന്നും തരൂർ പറഞ്ഞു.
ALSO READ: പശുമാംസം വിറ്റുവെന്നാരോപണം; ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപം കടയുടമയ്ക്ക് നേരെ സംഘപരിവാർ ആക്രമണം
ഭീകരവാദത്തെ നേരിടാനുള്ള ഇന്ത്യയുടെ ഉറച്ച തീരുമാനം ലോകത്തെ അറിയിക്കാനായി നടത്തുന്ന ആഗോള പ്രചാരണത്തിന്റെ ഭാഗമായി എംപിമാർ ഉൾപ്പെട്ട പ്രതിനിധി സംഘത്തോടൊപ്പം കൊളംബിയയിൽ എത്തിയപ്പോഴാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിനിധി സംഘത്തിൽ സർഫ്രാസ് അഹമ്മദ് (ഝാർഖണ്ഡ് മുക്തി മോർച്ച), ജി.എം. ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി (ബി.ജെ.പി.), ഭുവനേശ്വർ കലിത (ബി.ജെ.പി.), മിലിന്ദ് ഡിയോറ (ശിവസേന), തേജസ്വി സൂര്യ (ബി.ജെ.പി.), മുൻ യു.എസ്. അംബാസഡർ തരംജിത് സിങ് സന്ധു എന്നിരും ഉൾപ്പെടുന്നു.