Jyoti Malhotra: ജ്യോതി മൽഹോത്രയ്ക്ക് കേരളത്തിലെന്ത് കാര്യം? കണ്ണൂരിൽ തെയ്യം കണ്ടും, ആലപ്പുഴയിലും കൊച്ചിയിലും കറങ്ങി നടന്നും ചാരവനിത
Jyoti Malhotra Visit Kerala :കൊച്ചി, മൂന്നാർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കണ്ണൂരിൽ തെയ്യം കാണുന്നതിന്റെയും കേരള സാരി അണിയുന്നതിന്റെയും വീഡിയോ ജ്യോതി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Jyoti Malhotra
ന‍്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയ കേസിൽ വ്‍ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിലായത്. ഹരിയാന ഹിസാർ സ്വദേശിയായ ജ്യോതി ട്രാവൽ വ്‌ളോഗറും യൂട്യൂബറുമാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ യുവതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വ്ലോഗറായ ജ്യോതിയുടെ വീഡിയോകൾ ഏറെയും പാകിസ്ഥാനിൽ നിന്നുമുള്ളതാണെന്നാണ് കണ്ടെത്തൽ. യൂട്യൂബിൽ ആകെ 487 വീഡിയോകളാണ് യുവതി പങ്കുവച്ചിരിക്കുന്നത്.
‘ട്രാവൽ വിത്ത് ജോ’ എന്നാണ് യുവതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. മൂന്ന് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബ്സാണ് ഈ ചാനലിനുള്ളത്. യാത്രയും, സംസ്കാരവും, വിഭവങ്ങളും പരിചയപ്പെടുത്തുന്നതാണ് മിക്ക വീഡിയോകളുടെയു ഉള്ളടക്കം. ഇതിൽ മിക്കവയും പാക്കിസ്ഥാനും തായ്ലാൻഡും ബംഗ്ലാദേശുമൊക്കെ സന്ദർശിച്ചവയാണ്. അതേസമയം മൂന്ന് മാസം മുൻപ് യുവതി കേരളത്തിലും എത്തിയിരുന്നു. ഇൻസ്റ്റഗ്രാം പേജിൽ കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ പിൻ ചെയ്തുവരെ ജ്യോതി വച്ചിട്ടുണ്ട്. കൊച്ചി, മൂന്നാർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കണ്ണൂരിൽ തെയ്യം കാണുന്നതിന്റെയും കേരള സാരി അണിയുന്നതിന്റെയും വീഡിയോ ജ്യോതി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
കോവിഡ് കാലത്താണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ജ്യോതി വ്ലോഗ് ചെയ്യാൻ ആരംഭിച്ചത്. ഹരിയാന പൊലീസ് രെജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ജ്യോതി റാണിയെന്നാണ് യഥാർത്ഥ പേര്.ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കിൽ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്സുണ്ട്.