UP Women Death: യുട്യൂബ് നോക്കി ശസ്ത്രക്രിയ; മൂത്രത്തിൽ കല്ലുമായി വന്ന യുവതിക്ക് ദാരുണാന്ത്യം, സംഭവം യുപിയിൽ
UP Fake Doctor: ശസ്ത്രക്രിയ നടത്തുന്ന സമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. നിയമപരമായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.

പ്രതീകാത്മക ചിത്രം
ലഖ്നൗ: യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൻ്റെ ഉടമയും മരുമകനും ഒളിവിലാണെന്നാണ് വിവരം. ഇവർ യൂട്യൂബ് വീഡിയോ നോക്കിയാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. നിയമപരമായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.
തേബഹദൂർ റാവത്തിൻറെ ഭാര്യയായ മുനിഷ്ര റാവത്താണ് മരിച്ചത്. മൂത്രത്തിൽ കല്ലിനെ തുടർന്ന് അതികഠിന വയറുവേദനയുമായാണ് മുനിഷ്ര ക്ലിനിക്കിലെത്തിയത്. ഡിസംബർ അഞ്ചിനാണ് ആദ്യമായി ഇവിടെ എത്തിക്കുന്നത്. എന്നാൽ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. 25,000 രൂപയോളം ഇതിനാവശ്യമായി വരുമെന്നും അവരെ അറിയിച്ചു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ കെട്ടി വെച്ചതായി പോലീസ് പറയുന്നു.
Also Read: വിവാഹമോചനങ്ങള്‍ കണ്ട് മടുത്തു; ബെംഗളൂരു ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്
ഭർത്താവ് തേജ് റാവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശസ്ത്രക്രിയ നടത്തുന്ന സമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ശസ്ത്രക്രിയയെ തുടർന്ന യുവതിയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകൾ മുറിക്കുകയും ചെയ്തു.
ഡിസംബർ ആറിന് വൈകുന്നേരത്തോടെയാണ് യുവതി മരിക്കുന്നത്. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്. ഭർത്താവ് കർഷകനാണ്. മിശ്ര വ്യാജ ഡോക്ടറാണെന്നും അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അയാളുടെ ക്ലിനിക്ക് ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിന്ന് പഠിച്ച ശേഷമാണ് പ്രതി ശസ്ത്രക്രിയ നടത്തിയതെന്ന കുടുംബത്തിന്റെ ആരോപണം പരിശോധിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.