Bengaluru Temple Wedding: വിവാഹമോചനങ്ങള്‍ കണ്ട് മടുത്തു; ബെംഗളൂരു ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്
Bengaluru Temple Wedding Ban: തന്റെ വിവാഹം നടത്താന്‍ ക്ഷേത്രം അധികൃതര്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് കാര്‍ണാടക മുഖ്യമന്ത്രിയ്ക്ക് യുവാവ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷേത്രം അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.
ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ക്ഷേത്രം കൂടിയാണിത്. വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നതാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള കാരണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
തന്റെ വിവാഹം നടത്താന്‍ ക്ഷേത്രം അധികൃതര്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് കാര്‍ണാടക മുഖ്യമന്ത്രിയ്ക്ക് യുവാവ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷേത്രം അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. സിഎംഒയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ നടത്തികൊടുക്കുന്ന വിവാഹങ്ങള്‍ പരാജയപ്പെട്ട് കോടതിമുറികളില്‍ കയറിയിറങ്ങാന്‍ താത്പര്യമില്ലെന്നാണ് പൂജാരിമാര്‍ പറഞ്ഞത്.




വിവാഹ നിരോധനവുമായി ബന്ധപ്പെട്ട പോസ്റ്റ്
Bangalore temple bans weddings after noticing surge in divorce cases and priests being called as witnesses
The Halasuru Someshwara Swamy Temple in Bengaluru has stopped conducting weddings after temple authorities expressed concern over a growing number of couples returning to… pic.twitter.com/KEHxXtgPsi
— Amish Aggarwala (@AmishAggarwala) December 8, 2025
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ വെച്ച് നടന്ന പല വിവാഹങ്ങളും വിവാഹമോചനത്തില്‍ കലാശിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ തമ്മിലുള്ള കേസിന്റെ ഭാഗമായി പോലീസ് ക്ഷേത്രത്തെ സമീപിക്കുന്നത് വര്‍ധിച്ചതോടെയാണ് കടുത്ത തീരുമാനമെടുക്കാന്‍ ഭാരവാഹികള്‍ തയാറായത്.
വിവാഹമോചനം നടക്കുമ്പോള്‍ പലപ്പോഴും കോടതികള്‍ വിവാഹം നടത്തികൊടുത്ത പൂജാരിമാരോട് ഹാജരാകാന്‍ പറയാറുണ്ട്. പല ദമ്പതികളും വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹം കഴിക്കുന്നവരായിരിക്കും. വിവാഹം കഴിക്കാനായി പലരും വ്യാജരേഖകള്‍ ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍, ദമ്പതികളുടെ മാതാപിതാക്കള്‍ ക്ഷേത്രത്തിലെ പൂജാരിമാരെ പോലും ചേര്‍ത്ത് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രത്തില്‍ മറ്റ് ആചാരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിവാഹങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. തീരുമാനം പിന്നീട് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.