Viral News: വീട്ടിനുള്ളില്‍ കയറിയ കടുവയെ വീട്ടുടമ പൂട്ടിയിട്ടത് മണിക്കൂറുകളോളം; ഒടുവില്‍
Villager locks tiger inside his house: രക്ഷപ്പെടുത്തിയ കടുവയെ ബിർസ ബയോളജിക്കൽ പാർക്കിലേക്ക് മാറ്റും. തുടര്‍ന്ന് കടുവയ്ക്ക് പരിക്കൊന്നുമില്ലെന്ന് ബോധ്യമായാല്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുമായി ആലോചിച്ചതിന് ശേഷം ഏത് വനമേഖലയിലേക്ക് മാറ്റണമെന്ന് തീരുമാനിക്കുമെന്ന് അധികൃതര്‍
വീട്ടില്‍ കയറിയ കടുവയെ വീട്ടുടമ അകത്ത് പൂട്ടിയിട്ടു. ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമാണ് സംഭവം നടന്നത്. 12 മണിക്കൂറിലധികം നേരമാണ് കടുവയെ വീടിനുള്ളില്‍ പൂട്ടിയിട്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കടുവയെ രക്ഷപ്പെടുത്തിയത്. പുലര്‍ച്ചെ 4.30 നായിരുന്നു സംഭവമെന്ന് വീട്ടുടമയായ പുരന്ദര്‍ മഹ്‌തോ പറഞ്ഞു. വീട്ടുടമസ്ഥന്‍ ആടുകളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് എവിടെ നിന്നോ എത്തിയ കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. കടുവയെ കണ്ട് താന്‍ ഭയന്നുവെന്നും പുരന്ദര്‍ മഹ്‌തോ പറഞ്ഞു. തന്റെ കുടുംബം വീട്ടിനുള്ളിലുണ്ടായിരുന്നുവെന്നും, കുട്ടികള്‍ ഭയന്ന് നിലവിളിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങള്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞെന്നും, ഉടന്‍ ധൈര്യം സംഭരിച്ച് കുടുംബാംഗങ്ങളെ വീടിന് പുറത്തെത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്നാണ് കടുവയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്.
മഹ്‌തോ തന്നെയാണ് വിവരം നാട്ടുകാരെയും വനംവകുപ്പിനെയും അറിയിച്ചത്. വിവരമറിഞ്ഞതും നാട്ടുകാര്‍ കടുവയെ കാണാന്‍ ഓടിക്കൂടി. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പക്ഷേ, പ്രദേശത്ത് നിരവധി പേരുണ്ടായിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്ന് വീടിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.
റാഞ്ചിയിലെ ബിർസ ബയോളജിക്കൽ പാർക്കിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടുവയെ രക്ഷിക്കാൻ ബെറ്റ്‌ല നാഷണൽ പാർക്കിൽ നിന്നുള്ള ഒരു സംഘത്തെ നിയോഗിച്ചു. നേരിയ അളവിൽ അനസ്തേഷ്യ നല്‍കുകയും ചെയ്തു. രക്ഷപ്പെടുത്തിയ കടുവയെ ബിർസ ബയോളജിക്കൽ പാർക്കിലേക്ക് മാറ്റും. തുടര്‍ന്ന് കടുവയ്ക്ക് പരിക്കൊന്നുമില്ലെന്ന് ബോധ്യമായാല്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുമായി ആലോചിച്ചതിന് ശേഷം ഏത് വനമേഖലയിലേക്ക് മാറ്റണമെന്ന് തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.




Read Also: Santoor Soap Lorry Accident: സന്തൂർ സോപ്പ് ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു, സോപ്പുമായി നാട്ടുകാർ മുങ്ങി
പശ്ചിമ ബംഗാൾ അതിർത്തിക്കടുത്തുള്ള ഈ പ്രദേശത്ത് ഇടയ്ക്കിടെ വന്യജീവികളുടെ ശല്യമാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കടുവയെ വീടിനുള്ളില്‍ പൂട്ടിയിടുന്നത് ഇതാദ്യമായാണെന്നും അവര്‍ വ്യക്തമാക്കി. കടുവ പൂർണ്ണമായും സുരക്ഷിതമാണെന്ന് റാഞ്ചി ഡിഎഫ്ഒ ശ്രീകാന്ത് അറിയിച്ചു. ജനത്തിരക്ക് മൂലം കടുവയെ സൂക്ഷിക്കുന്ന കൂട് അധികൃതര്‍ പ്ലാസ്റ്റിക് കൊണ്ട് മൂടിയിട്ടെന്നാണ് റിപ്പോര്‍ട്ട്.