Antibiotic Misuse: സ്വയം ഡോക്ടറാകേണ്ട, വെറുതെ കഴിക്കാനുള്ളതല്ല ആന്റിബയോട്ടിക് … നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി
Antimicrobial Resistance A Growing Health Threat: ആശുപത്രികളിൽ എത്തുന്ന പല രോഗികൾക്കും, പ്രത്യേകിച്ച് ഐ.സി.യുവിൽ ഉള്ളവർക്ക്, ഒരു മരുന്നും ഫലിക്കാത്ത അവസ്ഥ വരുന്നത് ആന്റിബയോട്ടിക് പ്രതിരോധം മൂലമാണെന്ന് മുൻ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

Pm Modi About Antibiotic Misuse
ന്യൂഡൽഹി: സാധാരണ പനിയോ ജലദോഷമോ വരുമ്പോൾ ഡോക്ടറെ കാണാതെ സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്ന ശീലം വലിയ അപകടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. ഈ വർഷത്തെ അവസാന ‘മൻ കി ബാത്ത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകൾ വെറുതെ വാങ്ങി കഴിക്കേണ്ട ഒന്നല്ലെന്നും, പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
ന്യൂമോണിയ, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ രോഗങ്ങൾക്ക് ഇപ്പോൾ പല ആന്റിബയോട്ടിക്കുകളും ഫലിക്കുന്നില്ലെന്ന് ഐ.സി.എം.ആർ (ICMR) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വിദഗ്ധരുടെ അഭിപ്രായം
ആശുപത്രികളിൽ എത്തുന്ന പല രോഗികൾക്കും, പ്രത്യേകിച്ച് ഐ.സി.യുവിൽ ഉള്ളവർക്ക്, ഒരു മരുന്നും ഫലിക്കാത്ത അവസ്ഥ വരുന്നത് ആന്റിബയോട്ടിക് പ്രതിരോധം മൂലമാണെന്ന് മുൻ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. പനി, ചുമ, വയറിളക്കം എന്നിവ വരുമ്പോൾ സ്വയം മരുന്ന് കഴിക്കാതെ നിർബന്ധമായും ഡോക്ടറെ കാണണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ആന്റിബയോട്ടിക്കുകൾ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കുന്നവയാണ്. എന്നാൽ അവ അശാസ്ത്രീയമായി ഉപയോഗിക്കുമ്പോൾ രോഗാണുക്കൾ ആ മരുന്നുകളെ പ്രതിരോധിക്കാൻ പഠിക്കുന്നു. ഡോക്ടർമാർ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാവൂ എന്നാണ് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അഭിപ്രായപ്പെട്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പനിയോ വേദനയോ വരുമ്പോൾ മെഡിക്കൽ ഷോപ്പിൽ പോയി നേരിട്ട് ആന്റിബയോട്ടിക് വാങ്ങി കഴിക്കരുത്.
- ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം ആന്റിബയോട്ടിക് കഴിക്കുക.
- ഡോക്ടർ പറഞ്ഞ അത്രയും ദിവസം മരുന്ന് കഴിക്കണം. പാതിവഴിയിൽ നിർത്തുന്നത് രോഗാണുക്കൾക്ക് കരുത്ത് പകരും.