Jyoti Malhotra: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിൻ്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്
Jyoti Malhotra Visited Kerala On Invitation From Tourism Department: പാകിസ്താനായി ചാരവൃത്തി ചെയ്തതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചത് ടൂറിസം വകുപ്പിൻ്റെ ക്ഷണപ്രകാരമെന്ന് റിപ്പോർട്ട്. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു.

ചാരവൃത്തിക്ക് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചത് ടൂറിസം വകുപ്പിൻ്റെ ക്ഷണപ്രകാരം. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതായി കണ്ടെത്തിയ ഹരിയാന വ്ലോഗർ ജ്യോതി മൽഹോത്രയെ ടൂറിസം വകുപ്പിൻ്റെ പ്രമോഷൻ്റെ ഭാഗമായി ക്ഷണിച്ചതാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിലെ വിനോദസഞ്ചാര മേഖല പ്രമോട്ട് ചെയ്യാനായി ടൂറിസം വകുപ്പ് ക്ഷണിച്ച ഇൻഫ്ലുവൻസർമാരുടെ പട്ടികയിലാണ് ജ്യോതി മൽഹോത്രയും ഉൾപ്പെട്ടത്. 2024 ജനുവരി മുതൽ 2025 മെയ് വരെയുള്ള സമയത്ത് ടൂറിസം വകുപ്പിനായി പ്രമോഷൻ നടത്തിയ 41 ഇൻഫ്ലുവൻസരിലാണ് വിവാദ വ്ലോഗറും ഉൾപ്പെട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൻ്റെ ചെലവിൽ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങൾ ജ്യോതി സന്ദർശിച്ചു എന്നു മാതൃഭൂമിയുടെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ തന്ത്രപ്രധാനമായ വിവിധ ഇടങ്ങൾ സന്ദർശിച്ച് ജ്യോതി ദൃശ്യങ്ങൾ പകർത്തിയിരുന്നു.
പാകിസ്താനായി ചാരവൃത്തി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് 33 വയസുകാരിയായ ജ്യോതി മൽഹോത്ര പിടിയിലാവുന്നത്. നിരവധി പാക് ഏജന്റുമാരുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാക് ഏജന്റുമാരുമായി ബന്ധപ്പെടാന്‍ ഒന്നിലേറെ ഡിജിറ്റല്‍ ഡിവൈസുകളും എൻക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചിരുന്നു.




Also Read: Contempt of Court: ശുചിമുറിയിലിരുന്ന് വിചാരണയില്‍ പങ്കെടുത്തു; യുവാവിനെതിരെ കോടതിയലക്ഷ്യ നടപടി
ഇന്ത്യയിലെ പാക് എംബസി ജീവനക്കാരനായിരുന്ന ഡാനിഷുമായി ജ്യോതിയ്ക്ക് ബന്ധമുണ്ടായിരുന്നു. പാക് സന്ദർശനത്തിന് ഡാനിഷ് ഉൾപ്പെടെയുള്ളവരുടെ സഹായം ജ്യോതിക്ക് ലഭിച്ചു. പല പാക് ഏജൻ്റുമാരുടെയും വിവരങ്ങൾ ജ്യോതി തൻ്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നു. പേര് മാറ്റിയാണ് ഇവരുടെ ഫോൺ നമ്പരുകൾ സേവ് ചെയ്തിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി പാക്കിസ്താൻ സന്ദർശിച്ചിരുന്നു എന്നും സന്ദർശനത്തിൽ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.