Jyoti Malhotra: പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടത് ഡിജിറ്റല്‍ ഡിവൈസുകളിലൂടെ; ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍
Jyoti Malhotra espionage case: പാക് ഏജന്റായ ഷാക്കിറിന്റെ നമ്പർ ജാട്ട് രൺധാവ എന്ന പേരിലാണ് യൂട്യൂബര്‍ സേവ് ചെയ്തിരുന്നത്. മകളുടെ പാകിസ്ഥാന്‍ യാത്രയെക്കുറിച്ചോ, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ അറിയില്ലെന്നാണ് ജ്യോതിയുടെ പിതാവ് പ്രതികരിച്ചത്
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണസംഘം. നിരവധി പാക് ഏജന്റുമാരുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. സോഷ്യല്‍ മീഡിയയില്‍ ജ്യോതി പങ്കുവച്ച വീഡിയോകള്‍ ഒരു മറ മാത്രമായിരുന്നുവെന്നാണ് വിലയിരുത്തല്‍. പാക് ഏജന്റുമാരുമായി ബന്ധപ്പെടാന്‍ അവര്‍ ഒന്നിലേറെ ഡിജിറ്റല്‍ ഡിവൈസുകള്‍ സൂക്ഷിച്ചിരുന്നു. എന്‍ക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ജ്യോതി പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
സ്‌നാപ്ചാറ്റ്, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ജ്യോതി ഉപയോഗിച്ചിരുന്നതായി ഹരിയാന പൊലീസ് പറഞ്ഞു. എന്‍ഐഎ അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്ന് ഹിസാര്‍ എസ്‌പി ശശാങ്ക് കുമാർ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, യുവതിയെ പാക് എംബസി ഉദ്യോഗസ്ഥനായ ഡാനിഷിന് പരിചയപ്പെടുത്തിയത് ഹരിയാന സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജീവനക്കാരനായ ഹർകിരാത് സിങ്ങാണെന്ന് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. പാക് വിസ രണ്ട് തവണ ലഭിക്കാനും, ഒരുസംഘം സിഖുകാരോടൊപ്പം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാനും ജ്യോതിയെ ഇയാള്‍ സഹായിച്ചതായാണ് ആരോപണം. ഇയാളുടെ ഡിജിറ്റല്‍ ഡിവൈസുകള്‍ അന്വേഷണസംഘം പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.




പാകിസ്ഥാൻ ഏജന്റായ ഷാക്കിറിന്റെ നമ്പർ ജാട്ട് രൺധാവ എന്ന പേരിലാണ് യൂട്യൂബര്‍ സേവ് ചെയ്തിരുന്നത്. മകളുടെ പാകിസ്ഥാന്‍ യാത്രയെക്കുറിച്ചോ, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ അറിയില്ലെന്നാണ് ജ്യോതിയുടെ പിതാവ് പ്രതികരിച്ചത്. ഡല്‍ഹിയിലേക്ക് പോവുകയാണെന്നാണ് അറിയിച്ചതെന്നും, മറ്റൊന്നും പറഞ്ഞിട്ടില്ലെന്നും പിതാവ് ഹരീഷ് മല്‍ഹോത്ര പറഞ്ഞു.
ആ വ്യക്തിയും വീഡിയോയില്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ കേക്ക് വിതരണം ചെയ്യാന്‍ എത്തുന്നയാളുടെ ദൃശ്യങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ജ്യോതിയുടെ ഒരു വീഡിയോയിലുള്ളത് ഈ വ്യക്തിയാണെന്നാണ് ആരോപണം.
എംഎ വിദ്യാർത്ഥി അറസ്റ്റില്‍
പാക് ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കിയതിന് ഹരിയാനയില്‍ 25കാരന്‍ അറസ്റ്റിലായി. 25കാരനായ ദേവേന്ദ്ര സിങാണ് പിടിയിലായത്. പട്യാലയിലെ ഒരു കോളേജില്‍ എംഎ വിദ്യാര്‍ത്ഥിയാണ് ഇയാളെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.