Contempt of Court: ശുചിമുറിയിലിരുന്ന് വിചാരണയില്‍ പങ്കെടുത്തു; യുവാവിനെതിരെ കോടതിയലക്ഷ്യ നടപടി
Gujarat High Court Contempt of Court Action: വിഷയം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജസ്റ്റിസ് എഎസ് സുപേറിയ, ആര്‍ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് രജിസ്ട്രിയോട് വീഡിയോയിലുള്ള വ്യക്തിക്കെതിരെ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. ജൂണ്‍ 30നായിരുന്നു ബെഞ്ചിന്റെ നിര്‍ദേശം.

അഹമ്മദാബാദ്: ശുചിമുറിയിലിരുന്ന് കോടതി വിചാരണയില്‍ പങ്കെടുത്ത യുവാവിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച് ഗുജറാത്ത് ഹൈക്കോടതി. ജൂണ്‍ 20നാണ് സംഭവം. ജസ്റ്റിസ് നിര്‍സര്‍ എസ് ദേശായി കേസ് പരിഗണിക്കുമ്പോള്‍ യുവാവ് ശുചിമുറിയിലായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വിഷയം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജസ്റ്റിസ് എഎസ് സുപേറിയ, ആര്‍ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് രജിസ്ട്രിയോട് വീഡിയോയിലുള്ള വ്യക്തിക്കെതിരെ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. ജൂണ്‍ 30നായിരുന്നു ബെഞ്ചിന്റെ നിര്‍ദേശം.
സൂറത്ത് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന വ്യക്തിയാണ് വീഡിയോയിലുള്ളത്. ഇയാള്‍ക്ക് നോട്ടീസ് കൈമാറി രണ്ടാഴ്ചയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് വിവരം. സൂം വഴി നടന്ന വെര്‍ച്വല്‍ കോടതി നടപടികളില്‍ ബാറ്ററി എന്ന പേരിലായിരുന്നു സമദ് ലോഗിന്‍ ചെയ്തിരുന്നത്. ബ്ലൂടൂത്ത് സ്പീക്കര്‍ വെച്ചുകൊണ്ട് ശുചിമുറിയിലെത്തിയ ഇയാള്‍ ഫോണ്‍ ക്യാമറ വൈഡ് ആംഗിളില്‍ വെച്ച് കോടതി നടപടികളില്‍ പങ്കെടുക്കുകയായിരുന്നു.




കോടതിയിലെ മുഴുവന്‍ ആളുകളും ഗൗരവമായി കേസിന്റെ നടപടികളിലേക്ക് കടക്കുമ്പോള്‍ ഇയാള്‍ ഫ്‌ളഷ് ചെയ്യുന്നതും സ്വയം വൃത്തിയാക്കുകയും ചെയ്യുന്നതുമെല്ലാം വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.