Ganja Smuggling Case: ലോറിയിൽ 120 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിൽ നാല് യുവാക്കൾ പിടിയിൽ
120 Kg Ganja Smuggled in Truck: പാലിയേക്കര ടോളിന് സമീപമെത്തിയ ലോറി പുലർച്ചെ നാല് മണിയോടെയാണ് പോലീസ് തടഞ്ഞത്. വിശദമായി നടത്തിയ പരിശോധനയിൽ എട്ട് ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് കണ്ടെത്തി.

പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂർ പാലിയേക്കരയിൽ ലോറിയിൽ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. സിജോ, ആഷ്വിൻ, ഹാരിസ്, ജാബിർ എന്നിവരാണ് പോലീസ് പിടിയിലായത്. ഒഡിഷയിൽ നിന്ന് കഞ്ചാവുമായി തൃശൂരിലേക്ക് ലോറി വരുന്നുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ലോറി നമ്പർ ഉൾപ്പടെയുള്ള വിശദാംശങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് അനുസരിച്ച് പാലക്കാട് മുതൽ പോലീസ് ഉദ്യോഗസ്ഥർ പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു.
പാലിയേക്കര ടോളിന് സമീപമെത്തിയ ലോറി പുലർച്ചെ നാല് മണിയോടെയാണ് പോലീസ് തടഞ്ഞത്. വിശദമായി നടത്തിയ പരിശോധനയിൽ എട്ട് ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് കണ്ടെത്തി. പിടിയിലായ നാല് യുവാക്കൾക്കും ഇതിനു മുമ്പും കഞ്ചാവ് കടത്തുമായി ബന്ധമുള്ളതായി പോലീസ് പറഞ്ഞു.
അതേസമയം, ഇത്രയും വലിയ തോതിൽ കഞ്ചാവ് എത്തിക്കുന്നതിനായി പണം മുടക്കിയത് ആരെന്നത് സംബന്ധിച്ച വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലയിൽ വിൽക്കാനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. തമിഴ്‌നാട്ടിൽ പച്ചക്കറിയെടുക്കാൻ പോകുന്നുവെന്നാണ് യുവാക്കൾ ലോറി ഉടമയോട് പറഞ്ഞിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ നിജസ്ഥിതിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
ALSO READ: ഫലം വന്ന് മണിക്കൂറുകൾ മാത്രം; കോട്ടയത്ത് പ്ലസ് ടു വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു
കോട്ടയത്ത് പ്ലസ് ടു വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു
കോട്ടയം ചന്തക്കവല ഭാഗത്ത് അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ കാറിടിച്ച് മകൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. തോട്ടയ്ക്കാട് മടത്താനി വടക്കേമുണ്ടയ്‌ക്കൽ വി ടി രമേശന്റെ മകൾ ആർ അഭിത പാർവതി (18) ആണ് അപകടത്തിൽ മരിച്ചത്. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷാ ഫലം വന്ന് മണിക്കൂറുകൾക്കകമാണ് മരണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിതയുടെ അമ്മ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചന്തക്കവല ഭാഗത്ത് നിന്നും റോഡ് മുറിച്ചു ബസ് സ്റ്റോപ്പിലേക്ക് കടക്കുന്നതിനിടെ കലക്ട്രേറ്റ് ഭാഗത്ത് നിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയിരുന്നു. നാട്ടുകാർ ഉടൻ ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിതയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമ്മയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.