Aadishekhar Murder: ആദിശേഖര്‍ കൊലപാതക കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം
Aadishekhar Murder Case Updates: 2023ലാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്യുകയും ഈ വൈരാഗ്യത്തില്‍ പ്രതി കാറിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പൂവച്ചല്‍ സ്വദേശിയാണ് ആദിശേഖര്‍.
തിരുവനന്തപുരം: കാട്ടാക്കടയില്‍ ആദിശേഖര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം. ജീവപര്യന്തം തടവ് കൂടാതെ പത്ത് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനാണ് നിര്‍ദേശം.
2023ലാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്യുകയും ഈ വൈരാഗ്യത്തില്‍ പ്രതി കാറിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പൂവച്ചല്‍ സ്വദേശിയാണ് ആദിശേഖര്‍.
ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ നിന്നും സൈക്കിളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ പ്രിയരഞ്ജന്‍ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം കകാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവത്തിന് ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. പിന്നീട് കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡി ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കന്യാകുമാരിയിലെ കുഴിത്തുറയില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.




30 സാക്ഷികളും 43 രേഖകളും 11 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. ക്രൂരകൃത്യം സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇതാണ് കേസിന് കരുത്തേകിയത്. കോടതിയില്‍ ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു.
ഭാര്യ വിദേശത്ത് ജോലി ചെയ്യുകയായിരുന്നുവെന്നും അവരോട് ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ സംഭവുിച്ച അപകടമാണിതെന്നും പ്രിയരഞ്ജന്‍ കോടതിയില്‍ വാദിച്ചിരുന്നു.