Bailin Das: ‘ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണം?, സത്യം ഒരു നാൾ പുറത്തുവരും ‘; അഭിഭാഷകൻ ബെയ്ലിൻ ദാസ്
Advocate Bailin Das Response: പാവപ്പെട്ടവരെ വേട്ടയാടുന്ന ഈ നാട്ടിലെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മാധ്യമങ്ങൾ ഇത്തരം ചെറിയ കാര്യങ്ങളുടെ പിന്നാലെ നടക്കാതെ മറ്റ് വലിയ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ബെയ്‌ലിൻ പറഞ്ഞു. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ഇന്ന് ബെയ്‌ലിന് ജാമ്യം അനുവദിച്ചത്.

Bailin Das
തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് പ്രതിയും അഭിഭാഷകനുമായ ബെയ്‌ലിൻ ദാസ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബെയ്‌ലിൻ മാധ്യമങ്ങളോട് ക്ഷുഭിതനാവുകയും ചെയ്തു. താൻ ചെയ്യാത്ത കുറ്റം ഏൽക്കണമെന്നും ഒരുനാൾ സത്യം പുറത്ത് വരുമെന്നും ബെയ്ലിൻ ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
‘കോടതിയെ എനിക്ക് അനുസരിക്കണം, ഞാനത് ചെയ്യും. കോടതിയുടെ പരിഗണിയിൽ ഉള്ള വിഷയമായതിനാൽ അതിന് എങ്ങനെ നിൽക്കണം എന്ന് എനിക്ക് അറിയാം. ഞാൻ അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ല. ജൂനിയർ അഭിഭാഷകയെ ഞാൻ മർദ്ദിച്ചിട്ടില്ല.’ ബെയ്‌ലിൻ ദാസ് പറഞ്ഞു.
കൂടാതെ രണ്ടുമാസം വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കയറരുത്, പരാതിക്കാരിയായ അഭിഭാഷകയെ കാണരുത് തുടങ്ങിയ നിബന്ധനകളാണ് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇന്ന് ഉച്ചയോടെയാണ് ബെയ്‌ലിൻ ദാസിന് ജാമ്യം അനുവദിച്ചത്. ഈ മാസം 27 വരെ വഞ്ചിയൂർ കോടതി ബെയ്‌ലിന് റിമാൻഡ് ചെയ്തിരിക്കെയാണ് ജാമ്യം അനുവദിച്ചത്. തൊഴിലിടത്തിൽ ഒരു സ്ത്രീ മർദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കരുതിക്കൂട്ടി യുവതിയെ മർദിക്കാൻ പ്രതി ശ്രമിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.