Champakulam Boat Race: ആർപ്പോ വിളിയിൽ ജലമേളയ്ക്ക് തുടക്കം; ഇന്ന് ചമ്പക്കുളം മൂലം ജലോത്സവം, പണിമുടക്ക് ബാധിക്കുമോ?
Alappuzha Champakulam Boat Race: ചമ്പക്കുളത്ത് അഞ്ച് ചുണ്ടവള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രപപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഓർമ്മ പുതുക്കലിൻ്റെ ഭാഗമായാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്. രാജ പ്രമുഖൻ ട്രോഫിക്ക് വേണ്ടിയുള്ള കരുതുറ്റ പോരാട്ടമാണ് പമ്പയാറ്റിൽ നടക്കുക.

Champakulam Boat Race
ആലപ്പുഴ: സംസ്ഥാനത്ത് ജലമേളയ്ക്ക് തുടക്കമിട്ടുകൊണ്ട് ഇന്ന് ചമ്പക്കുളം മൂലം വള്ളംകളി മഹോത്സവം. വള്ളംകളി കാലത്തിന്റെ ആദ്യ ആരവം ഇന്ന് ചമ്പക്കുളത്ത് അരങ്ങേറും. രാജ പ്രമുഖൻ ട്രോഫിക്ക് വേണ്ടിയുള്ള കരുതുറ്റ പോരാട്ടമാണ് പമ്പയാറ്റിൽ നടക്കുക. രാവിലെ 11ന് ചമ്പക്കുളം മഠം മഹാലക്ഷ്മി ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതാണ്.
അതിനുശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ കളക്ടർ അലക്സ് വർഗീസ് പതാകയുയർത്തും. തുടർന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അതേസമയം രാജ്യം മുഴുവൻ പണിമുടക്കിന്റെ നിശ്ചലതയിൽ തുടരുമ്പോഴാണ് ചമ്പക്കുളത്ത് ആർപ്പോ വിളികൾ മുഴങ്ങുന്നത്.
അതിനാൽ ജലോത്സവം പ്രമാണിച്ച് ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തടസമുണ്ടാകില്ല. കൂടാതെ വാഹനങ്ങൾ തടയില്ലെന്നും സമരാനുകൂല സംഘടനകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, പണിമുടക്ക് വള്ളംകളി കാണാനെത്തുന്നവരുടെ എണ്ണത്തെ ബാധിച്ചേക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള ജലോത്സവ പ്രേമികൾക്ക് സ്ഥലത്തേക്ക് എത്താൻ കഴിയില്ല. അതിനാൽ മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് തിരക്ക് കുറവായിരിക്കും.
ചമ്പക്കുളത്ത് അഞ്ച് ചുണ്ടവള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. ചെറുതന ന്യൂ ബോട്ട് ക്ലബ്ബിന് വേണ്ടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചെറുതന പുത്തൻ ചുണ്ടനിലും, കൈനകരി യുബിസി ആയാപറമ്പ് പാണ്ടിയിലും, ചമ്പക്കുളം ബോട്ട് ക്ലബ്ബ് ടചമ്പക്കുളം ചുണ്ടനിലും, നടുഭാഗം ബോട്ട് ക്ലബ്ബ് നടുഭാഗം ചുണ്ടനിലും, നിരണം ബോട്ട് ക്ലബ്ബ് ആയാപറമ്പ് വലിയ ദിവാൻജിയിലും പോരാട്ടത്തിനിറങ്ങും.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രപപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഓർമ്മ പുതുക്കലിൻ്റെ ഭാഗമായാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്. ശ്രീകൃഷ്ണൻ്റെ വിഗ്രഹവും വഹിച്ച് മൂലം നാളിൽ ചെമ്പകശ്ശേരി രാജാവ് നടത്തിയ ജലഘോഷയാത്രയെ അനുസ്മരിച്ചാണ് ചമ്പക്കുളം വള്ളംകളി എല്ലാവർഷവും നടത്തുന്നത്.