Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Amrit Bharat Express Schedule comes out: വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ പുഷ്-പുൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിലെ അന്തർസംസ്ഥാന യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

അമൃത് ഭാരത് എക്‌സ്പ്രസ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിന് സമർപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമം പുറത്തിറങ്ങി. തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്നും ഹൈദരാബാദിലെ ചർലാപ്പള്ളിയിലേക്കുള്ള ഉദ്ഘാടന സർവീസിന്റെ വിവരങ്ങളാണ് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചിരിക്കുന്നത്.
ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10:45-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 04:30-ഓടെ ചർലാപ്പള്ളിയിൽ എത്തും. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ വേഗമേറിയ യാത്ര ഉറപ്പാക്കുന്ന അമൃത് ഭാരത് എക്സ്പ്രസിന് ആകെ 29 സ്റ്റോപ്പുകളാണുള്ളത്. ഇതിൽ 13 എണ്ണം കേരളത്തിലാണ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വർക്കല ശിവഗിരി, കൊല്ലം ജങ്ഷൻ, കരുനാഗപ്പള്ളി, കായംകുളം ജങ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് വൈകുന്നേരം 6 മണിയോടെ പാലക്കാട് ജങ്ഷനിലെത്തും.
Also read – അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
തുടർന്ന് കോയമ്പത്തൂർ, ഗുണ്ടൂർ വഴി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും. ഉദ്ഘാടന സർവീസിനായി എട്ട് സ്ലീപ്പർ കോച്ചുകളും 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ഭിന്നശേഷി സൗഹൃദ കോച്ചുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രധാന സ്റ്റേഷനുകളിലെ സമയക്രമം
- കൊല്ലം: 11:52 AM
- കോട്ടയം: 01:50 PM
- എറണാകുളം ടൗൺ: 02:55 PM
- തൃശൂർ: 04:25 PM
- പാലക്കാട്: 06:00 PM
പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുന്നത് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കാനാണ്. നിലവിൽ ആദ്യ സർവീസിന്റെ വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സ്ഥിരം സർവീസുകളുടെ സമയക്രമവും മറ്റ് രണ്ട് ട്രെയിനുകളുടെ റൂട്ടുകളും വരും ദിവസങ്ങളിൽ റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ പുഷ്-പുൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിലെ അന്തർസംസ്ഥാന യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.