Amrit Bharat Express: തള്ളലില്‍ വീഴല്ലേ…സമയം പാഴാക്കുന്ന കാര്യത്തില്‍ അമൃത് ഭാരത് പരശുറാമിനെ വെട്ടിക്കും
Amrit Bharat Express vs Parasuram Express: അമൃത് ഭാരതിന്റെ സ്റ്റോപ്പുകളുമായി ബന്ധപ്പെട്ടും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ അമൃത് ഭാരതിന് സാധിക്കില്ലെന്നാണ് യാത്രക്കാരുടെ പക്ഷം. നിലവില്‍ പ്രധാന സ്റ്റേഷനുകളില്‍ മാത്രമാണ് അമൃത് ഭാരതിന് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.

അമൃത് ഭാരത് എക്‌സ്പ്രസ്
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി സര്‍വീസ് ആരംഭിച്ചിരിക്കുന്ന അമൃത് ഭാരത് എക്സ്പ്രസുകളില്‍ വലിയ പ്രതീക്ഷയാണ് മലയാളികള്‍ അര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി കേരളത്തെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ഈ ട്രെയിനുകള്‍ തങ്ങള്‍ക്ക് അതിവേഗ യാത്ര സാധ്യമാക്കുമെന്നാണ് പൊതുവേ മലയാളികളുടെ ധാരണ. എന്നാല്‍ അങ്ങനെയല്ല സംഭവിക്കുന്നത്.
കേരളത്തിന്റെ യാത്രാക്ലേശത്തിന് ഒരു പരിധി വരെ സഹായമാകാന്‍ അമൃത് ഭാരതിന് സാധിക്കുമെങ്കിലും പതുക്കെ മാത്രം ഇഴഞ്ഞുനീങ്ങുന്ന ട്രെയിനായിരിക്കും ഇത്. മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് യാത്ര നടത്തുന്ന അമൃത് ഭാരത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ 17 മണിക്കൂറാണ് സമയമെടുക്കുന്നത്. അതായത്, നിലവില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന പരശുറാം എക്സ്പ്രസിനേക്കാള്‍ കഷ്ടം.
കന്യാകുമാരിയില്‍ നിന്ന് മംഗലാപുരത്തേക്കാണ് പരശുറാം എക്സ്പ്രസിന്റെ യാത്ര. ആകെ 54 സ്റ്റോപ്പുകളാണ് അമൃത് ഭാരതിനെ പോലെ തന്നെ ഈ ട്രെയിനിനും ഉള്ളത്. യാത്രയ്ക്കിടെ കോഴിക്കോട് ഒരു മണിക്കൂര്‍ സമയം പരശുറാം ഹാള്‍ട്ട് ചെയ്യുന്നുമുണ്ട്. അങ്ങനെ ആകെ 17 മണിക്കൂറെടുത്ത് ലക്ഷ്യസ്ഥാനത്തെത്തും. മടക്കയാത്രയില്‍ 14 മണിക്കൂര്‍ പരശുറാമിന് ആവശ്യമായി വരുന്നുള്ളൂ.
എവിടെയും ഹാള്‍ട്ട് ചെയ്യാതിരുന്നിട്ട് പോലും അമൃത് ഭാരതിന് സര്‍വീസ് നടത്താന്‍ വേണ്ടത് 17 മണിക്കൂറാണ്. ഏറനാടിന് പിന്നാലെ തന്നെയാണ് അമൃത് ഭാരതിന്റെ സര്‍വീസ്. അതിനാല്‍ തന്നെ വലിയ ഉപകാരമൊന്നും ട്രെയിന്‍ സമ്മാനിക്കുന്നില്ല. കഴക്കൂട്ടത്ത് നിന്ന് രാവിലെ 6.31 നാണ് പരശുറാം യാത്ര ആരംഭിക്കുന്നത്, പുലര്‍ച്ചെ 3.40 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഏറനാടും പുറപ്പെടും. ഇവയ്ക്ക് പിന്നാലെയുള്ള അമൃത് ഭാരതിന്റെ സര്‍വീസ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു.
Also Read: Amrit Bharat Express: വന്ദേ ഭാരതല്ല അമൃത് ഭാരത്, സൗകര്യങ്ങളിലും സ്പീഡിലും വലിയ മാറ്റം
അമൃത് ഭാരതിന്റെ സ്റ്റോപ്പുകളുമായി ബന്ധപ്പെട്ടും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ അമൃത് ഭാരതിന് സാധിക്കില്ലെന്നാണ് യാത്രക്കാരുടെ പക്ഷം. നിലവില്‍ പ്രധാന സ്റ്റേഷനുകളില്‍ മാത്രമാണ് അമൃത് ഭാരതിന് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. ഇത് ഏറ്റുമാനൂര്‍, പിറവം, തൃപ്പൂണിത്തുറ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി, കുറ്റിപ്പുറം, താനൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.