Crime News: വീട്ടിൽ അതിക്രമിച്ച് കയറി ഉമ്മ തരുമോ എന്ന് ചോദിച്ചു; തൃശൂരിൽ ലൈംഗികാതിക്രമ കേസ് പ്രതിയ്ക്ക് 22 വർഷവും മൂന്ന് മാസവും തടവ്
22 Year Prison Sentence For Pocso Case Culprit: വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ശല്യം ചെയ്ത പ്രതിയ്ക്ക് 22 വർഷവും മൂന്ന് മാസവും തടവ്. വീട്ടിൽ അതിക്രമിച്ച് കയറി ഉമ്മ ചോദിച്ച പ്രതിയെയാണ് കോടതി ശിക്ഷിച്ചത്.

വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയോട് ഉമ്മ തരുമോ എന്ന് ചോദിച്ച് ശല്യം ചെയ്ത പ്രതിയ്ക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവ്. തടവിനൊപ്പം 90,500 രൂപ പിഴയും ഒടുക്കണം. തൃശൂരിലാണ് സംഭവം. തൃശൂർ വടക്കേക്കാട് സ്വദേശി കുന്നനെയ്യില്‍ ഷെക്കീർ (33) ആണ് പ്രതി. കുന്നംകുളം പോക്സോ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയുടെ കൈപിടിച്ചുവലിച്ച് ഉമ്മ തരുമോ എന്ന് ചോദിച്ചു. പിന്നീട്, സ്കൂൾ വിട്ടുവരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടത്തുവച്ചും അതിക്രമിക്കാൻ ശ്രമിച്ചു. പിന്തുടന്ന് ആക്രമിക്കാനായിരുന്നു ശ്രമം. ഇതേതുടർന്ന് പെൺകുട്ടിയുടെ സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിച്ചു. ഇതിൻ്റെ വൈരാഗ്യത്തിൽ ഇയാൾ അതിജീവിതയുടെ വീട്ടിൽ വന്ന് അതിക്രമം കാട്ടുകയായിരുന്നു. വടക്കേക്കാട് പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്.
പോക്സോ ആക്ടിലെ വകുപ്പുകളും പട്ടികജാതി അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കുന്നംകുളം പോക്‌സോ ജഡ്ജ് ലിഷ എസ് ആണ് ശിക്ഷ വിധിച്ചത്. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പോക്സോ അടക്കം നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.
സംസാരശേഷിയില്ലാത്ത കുട്ടി കിണറ്റിൽ മരിച്ചനിലയിൽ
സംസാരശേഷിയില്ലാത്ത കുട്ടിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം കുളകുടിയൂർക്കോണത്താണ് അഞ്ച് വയസുകാരൻ്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. സര്‍വോദയം റോഡ് പത്മവിലാസത്തില്‍ സുമേഷ്-ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നഴ്സറിയിൽ വീട്ടിലെത്തിയ കുട്ടി രണ്ട് വയസുകാരിയായ സഹോദരി ദ്രുവികയോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണത്. സംസാരശേഷി ഇല്ലാത്തതിനാൽ ഇക്കാര്യം ആരും അറിഞ്ഞില്ല. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഒരാഴ്ചയ്ക്ക് മുൻപ് ദ്രുവൻ ഒരു പാവക്കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞിരുന്നു. ഇത് തിരഞ്ഞപ്പോഴാവാം കുട്ടി കിണറ്റിലേക്ക് വീണത് എന്നാണ് നിഗമനം.