MV Govindan : ‘ആരെയും തല്ലുന്നതിനോട് യോജിക്കുന്നില്ല’; ടി.പി.ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച പി.എം. ആർഷോയെ തള്ളി എം.വി. ഗോവിന്ദൻ
MV Govindan disagrees with PM Arsho's stance: ടി.പി. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച പി.എം. ആർഷോയെ തള്ളി എം.വി. ഗോവിന്ദൻ. ആരെയും തല്ലുന്നതിനോട് യോജിക്കുന്നില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആരെയെങ്കിലും തല്ലുന്നത് ശരിയാണോ, തെറ്റാണോ എന്ന് ചോദിക്കേണ്ടെന്നും, അങ്ങനെ തല്ലുന്നതിനോട് യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയും തല്ലുന്നതിനോട് യോജിക്കുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗോവിന്ദന്‍ പറഞ്ഞു. ആരെയെങ്കിലും തല്ലുന്നത് ശരിയാണോ, തെറ്റാണോ എന്ന് ചോദിക്കേണ്ടെന്നും, അങ്ങനെ തല്ലുന്നതിനോട് യോജിപ്പില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമായി തോന്നുന്നില്ലെന്നായിരുന്നു ആര്‍ഷോയുടെ ന്യായീകരണം. ശ്രീനിവാസന്‍ തെറി വിളിച്ചതുകൊണ്ടാണ് ആ വിദ്യാര്‍ത്ഥി അടിച്ചതെന്നും, അതില്‍ എസ്എഫ്‌ഐ മാപ്പ് പറയേണ്ടതില്ലെന്നും ആര്‍ഷോ പറഞ്ഞിരുന്നു.
ശ്രീനിവാസനെ തല്ലാനല്ല പോയത്. സമാധാനപരമായാണ് സമരം നടന്നത്. ചില വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ സുരക്ഷിതമായി അപ്പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ അദ്ദേഹം തെറി വിളിച്ചു. വിദ്യാര്‍ത്ഥി ആ തെറി കേട്ടതിന്റെ പ്രതികരണം നടത്തി എന്നതിനപ്പുറം തങ്ങള്‍ അതില്‍ മാപ്പ് പറയേണ്ടതില്ലെന്നും ആര്‍ഷോ പറഞ്ഞിരുന്നു.




2016ല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കോവളത്തെ വിദ്യാഭ്യാസ സംഗമത്തിന് എത്തിയപ്പോഴാണ് ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് തല്ലിയത്. അന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ശ്രീനിവാസന്‍. സ്വകാര്യ സര്‍വകലാശാലയെ നേരത്തെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ്, ഇപ്പോള്‍ മുന്‍നിലപാട് തിരുത്തിയതിന് പിന്നാലെയാണ് പഴയ സംഭവം വീണ്ടും ചര്‍ച്ചയായത്.
അന്ന് സംഭവം വിവാദമായതോടെ കേസില്‍ പ്രതിയായ ശരത്തിനെ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇന്ന് ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവാണ് ശരത്ത്. സിപിഎം മലയിന്‍കീഴ് ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് ശരത്. ഒന്നര വര്‍ഷം മുമ്പ് സഹകരണ ബാങ്കില്‍ ജോലി ലഭിക്കുകയും ചെയ്തു.